പറപ്പൂർ: കരുവാൻപടി റോഡിലെ തോളൂർ വിഷ്ണുക്ഷേത്രത്തിന് സമീപമുള്ള പാലംതകർന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
പാലം തകരുന്ന സമയത്തും നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോയിരുന്നുവെങ്കിലും വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. അപകടഭീഷണിയെത്തുടർന്ന് ഈ വഴിയിലൂടെയുള്ള സഞ്ചാരം അധികൃതർ പൂർണമായും നിരോധിച്ചു.
കൈപ്പറമ്പ് - പറപ്പൂർ റോഡിലെ തോളൂർ പാലം പൊളിച്ച് പണി നടത്തുന്നതിനാൽ കഴിഞ്ഞ ആറുമാസത്തിലേറെയായി വൺവേ സംവിധാനത്തിൽ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നത് ദുർബലമായ ഈ ചെറിയ പാലത്തിലൂടെയായിരുന്നു. ബദൽ പാതയായിരുന്ന ഈ ചെറിയ പാലവും തകർന്നതോടെ കൈപ്പറമ്പ് - പറപ്പൂർ മേഖലയിലെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി. പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗം നടന്നു സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തോളൂർ പാലത്തിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കാൻ പിഡബ്ല്യുഡി അധികൃതരോട് ആവശ്യപ്പെട്ടു.
22ന് തോളൂർ റോഡ് പാലത്തിന്റെ മെയിൻ സ്ലാബ് വാർപ്പ് നടത്തുന്നതാണെന്ന് പിഡബ്ല്യുഡി അസി. എക്സിക്യുട്ടിവ് എൻജിനിയർ എൻ.ജി. ബിനു, എൻജിനിയർ വി.എൻ. ദീപ എന്നിവർ ഉറപ്പുനൽകി. കാളിപ്പാടം തോടിന്റെ വലതുവശത്തുള്ള വഴിയിൽക്കൂടി കാൽനടക്കാർ, ഇരുചക്ര വാഹനങ്ങൾ, ഓട്ടോറിക്ഷ യാത്രക്കാർ, എന്നിവയ്ക്ക് മാത്രമെ പ്രവേശിക്കാൻ അനുമതിയുള്ളൂവെന്ന് യോഗം തീരുമാനിച്ചു.
മറ്റു വലിയ വാഹനങ്ങൾ അതിക്രമിച്ച് കടന്നുപോവുകയാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അസി. പോലീസ് കമ്മിഷണർ ശശിധരൻ യോഗത്തിൽ അറിയിച്ചു.
Tags : Nattuvishesham Local News Bridge collapses in Thollur huge pothole on road