പേരാമ്പ്ര: വടകര കുട്ടോത്ത് സ്വകാര്യ ബസ് കണ്ടക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വലഞ്ഞത് പേരാമ്പ്ര ചേനായി വഴിയുള്ള യാത്രക്കാർ. ഞായറാഴ്ച വൈകുന്നേരം 5.25 ഓടെയാണ് വടകര തിരുവള്ളൂർ റോഡിൽ കുട്ടോത്ത് വച്ച് പേരാമ്പ്ര ചാനിയംകടവ്-വടകര റൂട്ടിൽ സര്‍വീസ് നടത്തുന്ന "കൃഷ്ണ ശോഭ' ബസ് തടഞ്ഞുനിർത്തി ഒരു സംഘം യുവാക്കൾ കണ്ടക്ടറെ അകാരണമായി മർദിച്ചത്.
കഴുത്തിന് പരിക്കേറ്റ കണ്ടക്ടർ പെരുവണ്ണാമൂഴി മുതുകാട് സ്വദേശി കൊടപ്പന അജ്മൽ (25) കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. സംഭവത്തെ തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബസ് സര്‍വീസ് നിർത്തി വച്ചിരിക്കുകയാണ്. പേരാമ്പ്ര ചാനിയംകടവ്-വടകര റൂട്ടിൽ സർവീസ് നടത്തുന്നതിന് പുറമേ രൂക്ഷമായ യാത്രാ ക്ലേശം അനുഭവപ്പെടുന്ന എടവരാട്, ചേനായി ഭാഗങ്ങളിലൂടെയും സര്‍വീസ് നടത്തുന്ന ഏക ബസാണ് കൃഷ്ണ ശോഭ. ഈ റൂട്ടിൽ കഴിഞ്ഞ മൂന്നു ദിവസമായി ബസ് സർവീസ് നിലച്ചിരിക്കുകയാണ്.