ചീമേനിയിൽ ബസ് സ്റ്റാൻഡ് നിർമാണത്തിനായി വിട്ടുകിട്ടിയ സ്ഥലത്ത് നിർമിച്ച ബസ് ഷെൽട്ടറും ഓപ്പൺ ഓഡിറ്റോറിയവും കാടുകയറിയ നിലയിൽ.
ചീമേനി: ചീമേനിയിൽ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ തുടങ്ങിയ ബസ് സ്റ്റാൻഡ് നിർമാണം വീണ്ടും നിലച്ചു. നിർമാണ പ്രവൃത്തികൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുക്കാനുള്ള നീക്കവും അനിശ്ചിതത്വത്തിലാണ്. ബസ് സ്റ്റാൻഡ് നിർമാണത്തിന് റവന്യൂ വകുപ്പ് ഭൂമി വിട്ടുനൽകിയത് പാട്ടവ്യവസ്ഥയിലായതിനാൽ വായ്പ അനുവദിച്ചുകിട്ടാൻ സാങ്കേതിക തടസങ്ങളുള്ളതാണ് കാരണം.
ബസ് സ്റ്റാൻഡിനായി വിട്ടുകിട്ടിയ സ്ഥലത്ത് മുൻ എംഎൽഎ എം. രാജഗോപാലന്റെ ആസ്തിവികസനഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിൽ ഒരു ബസ് കാത്തിരിപ്പുകേന്ദ്രവും ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചതു മാത്രമാണ് ആകെ നടന്ന പ്രവൃത്തി. ഈ സ്ഥലത്തേക്കുള്ള റോഡിന്റെ നിർമാണവും നടത്തി. അതേസമയം ബസ് സ്റ്റാൻഡ് യാർഡ് നിരപ്പാക്കുന്ന ജോലി പോലും എങ്ങുമെത്തിയിട്ടില്ല.
ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാക്കാൻ 10 കോടിയിലധികം രൂപ വേണ്ടിവരുമെന്നാണ് കണക്ക്. തനതു വരുമാനമാർഗങ്ങൾ തീരെ കുറവായ കയ്യൂർ-ചീമേനി പഞ്ചായത്തിന് ഈ തുക എങ്ങനെ കണ്ടെത്താൻ കഴിയുമെന്ന കാര്യത്തിൽ ഇതുവരെയും കൃത്യമായ ധാരണയുണ്ടായിട്ടില്ല. ബസ് സ്റ്റാൻഡിനൊപ്പം ഷോപ്പിംഗ് കോംപ്ലക്സ് കൂടി നിർമിക്കുന്നതിനാൽ വലിയ തുക വായ്പയെടുത്താലും അത് തിരിച്ചടക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നായിരുന്നു ആദ്യത്തെ കണക്കുകൂട്ടൽ.
എന്നാൽ സാങ്കേതിക തടസത്തിൽ കുടുങ്ങി വായ്പ തന്നെ ലഭിക്കാതായതോടെ ആ വാതിൽ അടഞ്ഞു. പദ്ധതി നടക്കണമെങ്കിൽ ഇനി സംസ്ഥാന സർക്കാരിന്റെയും സന്ദീപ് വാര്യർ എംഎൽഎയുടെയും ഇടപെടൽ അനിവാര്യമാണെന്ന സ്ഥിതിയാണ്.
നേരത്തേ എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചുകിട്ടിയ തുക കൊണ്ട് യാർഡ് എങ്കിലും നിരപ്പാക്കിയിരുന്നെങ്കിൽ ബസുകളെ ഇവിടെ പ്രവേശിപ്പിക്കാനും ക്രമേണ മറ്റു വികസനസാധ്യതകളിലേക്ക് കടക്കാനും കഴിയുമായിരുന്നു. അതിനു പകരം ആദ്യംതന്നെ ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചത് എന്തിനായിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇവിടെ നിർമിച്ച ബസ് ഷെൽട്ടറും ഓപ്പൺ ഓഡിറ്റോറിയവുമെല്ലാം ഇപ്പോൾ കാടുകയറുന്ന നിലയിലാണ്.
Tags : Local News Nattuvishesham Bus stand