കൊച്ചി: ഡെപ്യൂട്ടി മേയർ ദീപക് ജോയി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന കൊച്ചി കോർപറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥികളെ തീരുമാനിക്കാനാകാതെ മുന്നണികൾ. വിജയപ്രതീക്ഷ വയ്ക്കുന്ന കോൺഗ്രസിൽ സീറ്റിനായി തമ്മിലടി തുടങ്ങി. എൽഡിഎഫും ബിജെപിയും ഉചിതമായ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചിട്ടേയുള്ളൂ.
സാമുദായിക പ്രാതിനിധ്യം കണക്കിലെടുത്ത് ഇഴവ വിഭാഗത്തിൽ നിന്നുള്ള ആൾക്കാകും കോൺഗ്രസ് സീറ്റ് നൽകുക. അങ്ങനെ വന്നാൽ മുൻ മണ്ഡലം പ്രസിഡന്റ് മോഹൻദാസ്, ബ്ലോക്ക് ഭാരവാഹി അജിത്ത് കുമാർ എന്നിവരിൽ ആർക്കെങ്കിലും നറുക്ക് വീഴും. ഇരുവരും ഈഴവ സമുദായക്കാരനാണ്.
എന്നാൽ മറ്റു സമുദായക്കാരും ഇതേ ഡിവിഷനിൽ നിന്ന് ജനപ്രതിനിധികളായിട്ടുള്ളതിനാൽ നിലവിലെ മണ്ഡലം പ്രസിഡന്റ് കനീഷ് സേവ്യറും സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. മുൻ കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ മനു ജേക്കബിനു വേണ്ടിയും സമ്മർദം ശക്തമാണ്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചവരുടെ പേരുൾപ്പടെ എൽഡിഎഫിന്റെയും ബിജെപിയുടെയും സാധ്യത പട്ടികയിലുണ്ട്.
എൽഡിഎഫിൽ നിന്ന് സന്തോഷ് ജോസഫ് പുതുള്ളിലും ബിജെപിയിൽ നിന്ന് ജിതേഷ് ചന്ദ്രനുമാണ് കഴിഞ്ഞ തവണ ദീപക് ജോയിക്കെതിരെ മത്സരിച്ചത്.
Tags : nattu vishesham Political alliances finalize candidates