കാടും വള്ളിപ്പടർപ്പും മൂടിക്കിടന്നതിനെ തുടർന്ന് തുരുമ്പെടുത്ത കാർ ഇന്നലെ ദേശീയ പാതയോരം വൃത്തിയാ ക്കുന്നതിനിടെ പുറത്തെടുത്ത പ്പോൾ.
ദേശീയപാതയോരത്ത് അപകടഭീഷണിയായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ
കൊരട്ടി: ദേശീയപാത 544ൽ മുരിങ്ങൂരിനും കൊരട്ടിക്കും ഇടയിൽ കോട്ടമുറി ജംഗ്ഷനുസമീപം വർഷങ്ങളായി കാടും വള്ളിപ്പടർപ്പുകളും മൂടിക്കിടന്ന കാർ ദേശീയപാതയോരം വൃത്തിയാക്കുന്നതിനിടെ പുറത്തെടുത്തു. അപകടത്തിൽ പ്പെട്ടതോ മറ്റേതെങ്കിലും കേസുമായി ബന്ധപ്പെട്ടതോ എന്ന് വ്യക്തമല്ലാത്ത നിലയിൽ വർഷങ്ങളായി പാതയോരത്ത് കിടന്നിരുന്ന വാഹനമാണ് ഇപ്പോൾ കാടുവെട്ടിത്തെളിച്ചതോടെ പുറത്തായത്.
വാഹനത്തിന്റെ അവശിഷ്ടങ്ങൾപോലും തിരിച്ചറിയാനാകാത്തവിധം തുരുമ്പെടുത്തു നശിച്ച നിലയിലാണ്. കാടും വള്ളിപ്പടർപ്പുകളും മൂടിയിരുന്നതിനാൽ ഇത്രയും കാലം വാഹനത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെടാതിരിക്കുകയായിരുന്നു.
ദേശീയപാതയുടെ ഇരുവശങ്ങളിലും ഇത്തരത്തിൽ നിരവധി വാഹനങ്ങൾ അനാഥമായി കിടക്കുന്നതായി നാട്ടുകാർ പറയുന്നു. അപകടങ്ങളിൽപ്പെട്ട വാഹനങ്ങളും വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളും ഉടമകളോ ബന്ധപ്പെട്ട അധികൃതരോ നീക്കം ചെയ്യാതെ പാതയോരങ്ങളിൽ ഉപേക്ഷിക്കുന്നതാണ് പ്രശ്നത്തിനു കാരണമാകുന്നത്.
കാടുമൂടിക്കിടക്കുന്ന വാഹനങ്ങൾ രാത്രികാലങ്ങളിൽ ദൃശ്യമാകാതെ പോകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. കൂടാതെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും മാലിന്യം നിക്ഷേപിക്കുന്നതിനുമുള്ള ഇടങ്ങളായി ഇത്തരം വാഹനങ്ങൾ മാറാനുള്ള സാധ്യതയുമുണ്ട്. ദീർഘകാലം കിടക്കുന്ന വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നതോടെ പരിസരവും മലിനമാകുന്നു.
ദേശീയപാതയുടെ സുരക്ഷയ്ക്കും യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും ഭീഷണിയാകുന്ന തരത്തിൽ പാതയോരങ്ങളിൽ കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ കണ്ടെത്തി പട്ടിക തയാറാക്കി അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടത്തിൽപ്പെട്ട വാഹനങ്ങളോ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങളോ ആണെങ്കിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Car