പ്രതീകാത്മക ചിത്രം
ആറു വർഷത്തിനു ശേഷം വിചാരണ ആരംഭിച്ചു
തിരുവനന്തപുരം: സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ. എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിച്ചു. സിറാജ് പത്രത്തിലെ സെയ്ഫുദീൻ ഹാജിയെയാണ് ഒന്നാം സാക്ഷിയായി ഇന്നലെ വിസ്തരിച്ചത്. ഇദ്ദേഹമാണ് പൊലീസിന് ആദ്യമൊഴി നൽകിയത്. ശ്രീറാം കോടതിയിൽ ഉണ്ടായിരുന്നു. എന്നാൽ പ്രതിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം ക്രോസ് വിസ്താരം നാളെ നടക്കും. നാലാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
37 ദിവസം നീളുന്ന സാക്ഷി വിസ്താരത്തിനായി പ്രോസിക്യൂഷൻ 100 സാക്ഷികളുടെ പട്ടികയാണ് നൽകിയത്. സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഏക പ്രതി. പോലീസ് ഹാജരാക്കിയ കുറ്റപത്രം കോടതി വായിച്ച് കേൾപ്പിച്ചപ്പോൾ ശ്രീറാം കുറ്റം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് കേസിൽ സാക്ഷികളെ വിസ്തരിക്കാനുളള നടപടിക്രമം കോടതി ആരംഭിച്ചത്.
പ്രതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കൽ, തെളിവു നശിപ്പിക്കൽ, മദ്യപിച്ച്് വാഹനം ഓടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് ശ്രീറാം വെങ്കിട്ടരാമനും പെണ് സുഹൃത്തും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച്് കെ.എം.ബഷീർ മരിച്ചത്.