കൊച്ചി: നഗരത്തില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ കൊലവിളി തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി കൊച്ചി സിറ്റി പൊലിസ്. കഴിഞ്ഞ ദിവസം നടത്തിയ സര്‍പ്രൈസ് പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ച 41 സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു. അപകടകരമായും അലക്ഷ്യമായും വാഹനം ഓടിച്ചതുമായി ബന്ധപ്പെട്ട് 71 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
അമിതമായി ഹോണ്‍ മുഴക്കല്‍, അലക്ഷ്യമായ ഡ്രൈവിംഗ്, മത്സരയോട്ടം, ഡോറുകള്‍ തുറന്നിട്ട് യാത്ര ചെയ്യല്‍, നിശ്ചിത റൂട്ടില്‍ നിന്ന് വ്യതിചലിച്ച് സര്‍വീസ് നടത്തല്‍ തുടങ്ങിയ വിവിധ നിയമലംഘനങ്ങള്‍ക്ക് 1,891 പെറ്റി കേസുകളും രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച്, അലക്ഷ്യമായും അപകടകരമായും വാഹനം ഓടിച്ച ബസ് ജീവനക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബസ് ജീവനക്കാര്‍ നിയമലംഘനങ്ങള്‍ നടത്തുന്നത് ഒഴിവാക്കുന്നതിനായി ബോധവത്കരണ ക്ലാസുകളും പൊലിസിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നു.
കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നിയമനടപടികള്‍ തുടരുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ബസ് ജീവനക്കാര്‍ക്ക് പൊലിസ് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഏകദേശം 1,383 അപേക്ഷകള്‍ ലഭിച്ചതായും ഈ അപേക്ഷകളില്‍ വെരിഫിക്കേഷന് നടപടികള്‍ സ്വീകരിച്ചുവരുന്നതായും കമ്മീഷണര്‍ അറിയിച്ചു.
Tags : NattuVishesham.DistricteNews