ഇടുക്കി: സെന്‍സസിന്റെ ആദ്യഘട്ടം ജൂലൈ ഒന്നു മുതല്‍ 30 വരെ നടക്കും. കെട്ടിടങ്ങളുടെയും വീടുകളുടെയും കണക്കെടുപ്പാണ് ആദ്യഘട്ടത്തില്‍ നടക്കുക. പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനമുപയോഗിച്ചാണ് വിവരശേഖരണം നടത്തുന്നത്.
2027 ഫെബ്രുവരി ഒന്‍പതു മുതല്‍ 28 വരെ നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ്. എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി വിവരം ശേഖരിക്കുന്ന രീതിക്കു പുറമേ സെല്‍ഫ് എന്യൂമറേഷന് രീതിയും അവതരിപ്പിച്ചിട്ടുണ്ട്. സെന്‍സസ് വെബ് പോര്‍ട്ടല്‍ വഴി വ്യക്തികള്‍ക്ക് സ്വയം വിവരങ്ങള്‍ സമര്‍പ്പിക്കാം. എന്യൂമറേറ്റര്‍മാര്‍ വിവരം ശേഖരിച്ചു തുടങ്ങുന്നതിനു മുന്‍പുള്ള 15 ദിവസമാണ് സെല്‍ഫ് എന്യൂമറേഷനുള്ള അവസരം.
കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങള്‍ ജൂണ്‍ 16 മുതല്‍ 30 വരെയുള്ള കാലയളവില്‍ വ്യക്തികള്‍ക്ക് സ്വന്തമായി വെബ് പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടത്. സെല്‍ഫ് എന്യൂമറേഷന് രീതി തെരഞ്ഞെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഐഡി നമ്പര്‍ വീടുകളിലെത്തുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് നല്‍കണം. തുടര്‍ന്ന് എന്യൂമറേറ്റര്‍മാര്‍ വ്യക്തികള്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡേറ്റ സെര്‍വറിലേക്ക് ഏകോപിപ്പിക്കും.
എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തി നടത്തുന്ന വിവരശേഖരണ രീതിയിലും സെല്‍ഫ് എന്യൂമറേഷന് രീതിയിലും 34 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. കെട്ടിടങ്ങളുടെയും വീടുകളുടെയും അവസ്ഥ, സൗകര്യങ്ങള്‍, സാമഗ്രികള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാകുന്ന വിധത്തിലാകും ആദ്യഘട്ട സെന്‍സസിലെ ചോദ്യങ്ങള്‍.
ജില്ലാ കളക്ടറാണ് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍. വിവിധ വകുപ്പ് മേധാവികളെ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായും അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാരായും ചാര്‍ജ് ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. അധ്യാപകരെ എന്യൂമറേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും നിയോഗിക്കും. ഒരു സൂപ്പര്‍വൈസര്‍ക്കു കീഴില്‍ ആറ് എന്യൂമറേറ്റര്മാരാണുണ്ടാകുക. ചാര്‍ജ് ഓഫീസര്‍മാര്‍ക്കായിരിക്കും എന്യൂമറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഏകോപന ചുമതല. സെന്‍സസുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ക്വിക്ക് റെസ്പോണ്‍സ് ടീം രൂപീകരിക്കും.
മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് വിവര ശേഖരണം. സെന്‍സസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും വികസിപ്പിച്ചിട്ടുണ്ട്. സെന്‍സസ് ആരംഭിച്ച ശേഷം പതിനാറാമത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള എട്ടാമത്തെയും സെന്‍സസാണ് ആരംഭിക്കുന്നത്.
സെന്‍സസുമായി ബന്ധപ്പെട്ട് ജില്ലാതല ഓഫീസര്‍മാര്‍ക്കും അഡീഷണല്‍ സെന്‍സസ് ഓഫീസര്‍മാര്‍ക്കും ചാര്‍ജ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സ്റ്റാറ്റിസ്റ്റിക്സ് ഇന്‍വെസ്റ്റിഗേറ്റര്‍മാരായ ജംഷീര്‍ ചെറുകാട്, വിജയ ശേഖര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. എഡിഎം എസ്. ശ്രീജിത്ത്, സബ് കളക്ടര്‍ വി.എം. ആര്യ തുടങ്ങിയവര്‍ പങ്കെടുത്തു. സെന്‍സസുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കും 1855 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
Tags : Census 2027 nattuvishesham local news