മലപ്പുറം: രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്-2027) നടപടികളുടെ ആദ്യഘട്ടമായ "സെൽഫ് എന്യൂമറേഷൻ’ 16ന് ആരംഭിക്കും. പൊതുജനങ്ങൾക്ക് തങ്ങളുടെ വീടുകളെയും കുടുംബങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഒൗദ്യോഗിക പോർട്ടൽ വഴി സ്വയം ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള സൗകര്യമാണിത്. 16 മുതൽ 30 വരെ പൊതുജനങ്ങൾക്ക് ഇതിനായി അവസരമുണ്ടായിരിക്കും.
സെൻസസ് നടപടികൾ കൂടുതൽ വേഗമാക്കാനും എന്യൂമറേറ്റർമാരുടെ ജോലിഭാരം ലഘൂകരിക്കാനും ശേഖരിക്കുന്ന വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ സംവിധാനം.
വീടുകളുമായി ബന്ധപ്പെട്ട 34 ചോദ്യങ്ങളാണ് ആദ്യഘട്ട ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇംഗ്ലീഷ് കൂടാതെ മലയാളം അടക്കം 15 ഇന്ത്യൻ ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്താൻ പോർട്ടലിൽ സൗകര്യമുണ്ട്.
വിവരങ്ങൾ രേഖപ്പെടുത്തേണ്ടത് എങ്ങനെ?
പോർട്ടൽ ലോഗിൻ: പൊതുജനങ്ങൾ ആദ്യം // se.census.gov. in എന്ന ഒൗദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തെരഞ്ഞെടുത്ത് ക്യാപ്ച കോഡ് നൽകണം.
കുടുംബ രജിസ്ട്രേഷൻ: കുടുംബനാഥന്റെ പേര്, 10 അക്ക മൊബൈൽ നന്പർ, ഇ-മെയിൽ ഐഡി (നിർബന്ധമല്ല) എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. ഒരു കുടുംബത്തിന് ഒരു മൊബൈൽ നന്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ഒരിക്കൽ രജിസ്റ്റർ ചെയ്ത പേര് പിന്നീട് മാറ്റാൻ കഴിയില്ല.
ഒടിപി പരിശോധനയും ഭാഷാ തെരഞ്ഞെടുപ്പും: മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകി ലോഗിൻ പൂർത്തിയാക്കണം. ഈ ഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന ഭാഷ പിന്നീട് മാറ്റാൻ സാധിക്കില്ല.
ലൊക്കേഷൻ വിവരങ്ങൾ: ജില്ല, പിൻകോഡ്, വില്ലേജ്/ടൗണ്‍ എന്നിവ നൽകിയ ശേഷം കൃത്യമായ താമസസ്ഥലം മാപ്പിൽ ചുവന്ന അടയാളം ഉപയോഗിച്ച് സ്ഥിരീകരിക്കണം.
ചോദ്യാവലി പൂരിപ്പിക്കൽ: പോർട്ടലിലുള്ള ടൂൾടിപ്പുകൾ, പതിവുചോദ്യങ്ങൾ എന്നിവയുടെ സഹായത്തോടെ വീടുകളുടെ പട്ടിക തയാറാക്കലിനുള്ള 34 ചോദ്യങ്ങൾക്ക് മറുപടി നൽകാം. ഒരേ ലോഗിനിൽ തന്നെ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങൾ നൽകാൻ സാധിക്കും.
പ്രക്രിയ ഇടയ്ക്കുവച്ച് നിർത്തേണ്ടി വന്നാൽ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത് പിന്നീട് പൂർത്തിയാക്കാനും സൗകര്യമുണ്ട്.
ഫൈനൽ സബ്മിറ്റും എസ്ഇ ഐഡിയും: വിവരങ്ങൾ കൃത്യമാണെന്ന് പ്രിവ്യൂ സ്ക്രീൻ വഴി ഉറപ്പാക്കിയ ശേഷം നൽകാം. ഇതിനുശേഷം മാറ്റങ്ങൾ വരുത്താനാകില്ല. വിജയകരമായി സമർപ്പിച്ചു കഴിയുന്പോൾ "എച്ച്’ എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള എസ്ഇ ഐഡി മൊബൈലിലും ഇ-മെയിലിലും ലഭിക്കും.
എന്യൂമറേറ്റർമാരുടെ സന്ദർശനം
സെൻസസ് ഉദ്യോഗസ്ഥർ (എന്യൂമറേറ്റർമാർ) പിന്നീട് വീടുകൾ സന്ദർശിക്കുന്പോൾ ഈ എസ്ഇ ഐഡി അവർക്ക് കൈമാറണം. ഈ ഐഡി നിലവിലുള്ള റിക്കാർഡുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ വിവരങ്ങൾ സ്ഥിരീകരിച്ച് സബ്മിറ്റ് ചെയ്യും. പൊരുത്തപ്പെടാത്ത സാഹചര്യങ്ങളിൽ മാത്രം എന്യൂമറേറ്റർ വിവരങ്ങൾ പുതിയതായി ശേഖരിക്കും.
Tags : Local News Nattuvishesham Malappuram