ആധുനിക രീതിയില്‍ നവീകരിച്ച ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയം മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.
ചങ്ങനാശേരി: ആധുനികരീതിയില്‍ നവീകരിച്ച ചങ്ങനാശേരി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായിക മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിച്ചു. ജില്ലയിലെ ഏറ്റവും മികച്ച കളിക്കളമാണ് ചങ്ങനാശേരിയിലേതെന്ന് മന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയില്‍ 150 കോടി രൂപ മുടക്കി 25 സ്റ്റേഡിയങ്ങളില്‍ അഞ്ചുവര്‍ഷത്തിനിടെ നവീകരിച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ബീന ജോബി, പി.എ. നസീര്‍, രേഖ ശിവകുമാര്‍, അജിത സലാം, സ്റ്റേഡിയം ക്ലബ് പ്രസിഡന്റ് പി.വി. വിജയന്, കെ.ഡി. സുഗതന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
സംസ്ഥാന കായികവകുപ്പ് അനുവദിച്ച 5.25 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. 109 മീറ്റര്‍ നീളവും 69 മീറ്റര്‍ വീതിയുമുള്ള ഗ്രൗണ്ടില്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
സ്റ്റേഡിയം പരിപാലനത്തിന് കമ്മിറ്റി വേണം
മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ തുടർപരിപാലനത്തിനായി സ്റ്റേഡിയം ഉപയോഗിക്കുന്നവരെ ചേർത്തു നഗരസഭ സ്റ്റേഡിയം ഡെവലപ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്ന് കരുതുന്നു. പരിപാലനമില്ലാതായാൽ ഗ്രൗണ്ട് നശിക്കും.
ജോബ് മൈക്കിൾ എംഎൽഎ
നഗരസഭയെ അവഗണിച്ചു, യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചു
ചങ്ങനാശേരി: നിര്‍മാണം പൂര്‍ത്തിയാക്കിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് നഗരസഭാ ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും അവഗണിച്ചതില്‍ പ്രതിഷേധിച്ചു സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങ് യുഡിഎഫ് ബഹിഷ്കരിച്ചു.
മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ ആസ്തി വികസന ഫണ്ടില്‍നിന്നു രണ്ടു കോടി രൂപയും മുന്‍ സര്‍ക്കാര്‍ കായികവകുപ്പില്‍ നിന്നനുവദിച്ച തുകയും ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
26ന് ഉദ്ഘാടനം നടക്കുമെന്നാണ് നഗരസഭാ കൗണ്‍സിലിന് അറിയിപ്പ് ലഭിച്ചത്. ഇതുസംബന്ധിച്ച് കൗണ്‍സില്‍ യോഗം ചേരുകയും നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു. എന്നാല്‍, തീയതി മാറ്റിയതോ പരിപാടി സംബന്ധിച്ചോ യാതൊരുവിധ കൂടിയാലോചനകളോ അറിയിപ്പോ ലഭിക്കാതിരുന്നതില്‍ ശക്തമായ പ്രതിഷേധവും യോഗത്തില്‍ രേഖപ്പെടുത്തി. ഇതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചതെന്ന് നഗരസഭാ ഭരണസമിതി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാനെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്. നഗരസഭയുടെ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിക്കേണ്ട ചുമതലയാണ് ചെയര്‍മാനുള്ളത്. വാര്‍ഡ് കൗണ്‍സിലറെയാണ് ചടങ്ങില്‍ സ്വാഗതത്തിനു നിയോഗിച്ചത്. എംഎല്‍എ കാട്ടിയത് നീതികേടാണെന്നും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആരോപിച്ചു.
ചെയര്മാന് ജോമി ജോസഫ്, പാര്‍ലമെന്ററി പാര്‍ട്ടി ലീഡറും വൈസ് ചെയര്‍പേഴ്സണുമായ കെ.എം. നെജിയ, സന്തോഷ് ആന്റണി, സിയാദ് അബ്ദുറഹിമാൻ, ഷൈനി ഷാജി, അംബിക വിജയന്, മാര്ട്ടിന് സ്കറിയ, എസ്.എച്ച്. ആര്യമോള്, ജിനിമോള്‍ ഷാജി, ശോഭന വിശ്വംഭരന്, ഷെമി ബഷീര്‍, സബീന നിഷാദ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam