ചാരുംമൂട്: നിരന്തരം തീപ്പിടിത്ത സംഭവങ്ങൾ ഉണ്ടാകാറുള്ള ചാരുംമൂട് മേഖലയിൽ അഗ്നിരക്ഷാസേന യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു. ചാരുംമൂട്മേഖലയിലെ ചുനക്കര,നൂറനാട്,പാലമേൽ, താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ്, കറ്റാനം എന്നീവിടങ്ങളിൽ തീപിടിത്തമുണ്ടാവുമ്പോൾ അഗ്നിരക്ഷാസേനയ്ക്ക് സമയബന്ധിതമായി പലപ്പോഴും എത്തിച്ചേരാൻ കഴിയാറില്ല.
കായംകുളം, മാവേലിക്കര ,അടൂർ ഭാഗങ്ങളിൽ നിന്നുമാണ് നിലവിൽ അഗ്നിരക്ഷാസേന രക്ഷാപ്രവർത്തനത്തിന് എത്തുന്നത്.15 കിലോമീറ്ററോളം ദൂരം താണ്ടിയാണ് അഗ്നിരക്ഷാസേന എത്തുന്നത്. റോഡിൽ തിരക്ക് കൂടിയാൽ എത്താനുള്ള സമയം വൈകുകയും ചെയ്യും. നിരവധി തീപിടിത്ത സംഭവങ്ങളാണ് ചാരുംമൂട് മേഖലയിൽ ഉണ്ടായിട്ടുള്ളത്.
കൂടുതലും വ്യാപാര സ്ഥാപനങ്ങളിലെ തീപിടിത്തമാണ്. കഴിഞ്ഞ ദിവസം കറ്റാനത്ത് വൻ അഗ്നിബാധയിൽ വ്യാപാര സമുച്ചയം പൂർണമായി കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. മണിക്കൂറുകൾ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തീയണച്ചത്. ചാരുംമൂട് കേന്ദ്രീകരിച്ച് അഗ്നിരക്ഷാ നിലയം സ്ഥാപിക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപനം വന്നെങ്കിലും നടപടി പ്രഖ്യാപനത്തിൽ ഒതുങ്ങി.
ചാരുംമൂട്ടിലെ കല്ലട ജലസേചന പദ്ധതിയുടെ ഉപയോഗമില്ലാതെ കിടക്കുന്ന കെട്ടിടം അഗ്നിരക്ഷാ നിലയം കെട്ടിടമാക്കി മാറ്റാനും തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ നടപടികളുടെ മെല്ലപ്പോക്ക് നിലപാട് മൂലം ചാരുംമൂട് കേന്ദ്രമായി അഗ്നിരക്ഷാസേന യൂണിറ്റ് എന്നത് ഇന്നും യാഥാർഥ്യമാകാതെ നിലകൊള്ളുകയാണ്
Tags : nattu vishesham Charumud as the central fire brigade