പ്രതീകാത്മക ചിത്രം
ആലപ്പുഴ: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയത്തിനെതിരേ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി രാജസ്ഥാനിലെ കോട്ടയിൽനിന്ന് ആരംഭിച്ച ഛാത്രോൺ കീ ഗൂഞ്ച് കാമ്പയിന്റെ അടുത്തഘട്ടമായി കേരളത്തിലും പ്രക്ഷോഭപരിപാടികൾ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ്. നീറ്റ്, ജെഇഇ തുടങ്ങിയ വിദ്യാഭ്യാസ-ഉദ്യോഗ മത്സരപരീക്ഷകളുടെ ക്രമക്കേടുകളും സിബിഎസ്ഇ പരീക്ഷകളുടെ അഴിമതിയും വിദ്യാഭ്യാസത്തെ കാവിവത്കരിച്ചും സ്വകാര്യവത്കരിച്ചും രാജ്യത്തെ വിദ്യാഭ്യാസസമ്പ്രദായത്തെ ബോധപൂർവം അട്ടിമറിച്ചു. ഇതിനെതിരേ വിദ്യാഭ്യാസത്തെ രക്ഷിക്കൂ, നിങ്ങളുടെ ഭാവിയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയർത്തി ഇനി വരുംദിവസങ്ങളിൽ രാജ്യവ്യാപകമായി ഈ പ്രക്ഷോഭം തുടരും.
എൻഎസ്യുഐ, യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ അലഹബാദ്, പാട്ന, ഡൽഹി അടക്കമുള്ള സ്ഥലങ്ങളിൽ കൺവൻഷനുകൾ ചേർന്നു. രാജ്യത്തെ വിദ്യാർഥികൾ നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയാണ്. ചോദ്യപേപ്പർ ചോർച്ച, പരീക്ഷക്രമക്കേടുകൾ, വീണ്ടും നടത്തുന്ന പരീക്ഷകൾ, വർധിച്ചുവരുന്ന വിദ്യാഭ്യാസ ചെലവുകൾ ഇതെല്ലാം യുവാക്കളുടെ വിശ്വാസം തകർത്തു. വിദ്യാർഥികളുടെ കഠിനാധ്വാനവും ആഗ്രഹങ്ങളും ഭാവിയും എല്ലാം അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് പങ്കെടുത്തു.
Tags : Local News Nattuvishesham Chatron Ki Goonj Campaign Protests in Kerala too