ബല്ല കുറ്റിക്കാൽ ഭാഗത്ത് ചെളിക്കുളമായി മാറിയ ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡ്.
കാഞ്ഞങ്ങാട്: വികസനപ്രവൃത്തികൾ തുടങ്ങി മാസങ്ങളായിട്ടും പൂർത്തിയാകാതെ ചെമ്മട്ടംവയൽ-കാലിച്ചാനടുക്കം റോഡ് ചെളിക്കുളമായി. ചെമ്മട്ടംവയലിൽ നിന്ന് റോഡ് തുടങ്ങി അല്പദൂരം പിന്നിട്ട് ബല്ല കുറ്റിക്കാൽ ഭാഗത്തെത്തുമ്പോൾ തന്നെ ചെളിയും കുഴികളും നിറഞ്ഞ് റോഡ് അപകടാവസ്ഥയിലാണ്.
ടാറിംഗ് പ്രവൃത്തികൾ തുടങ്ങുന്നതിനു മുമ്പ് താത്കാലിക സംവിധാനമെന്ന നിലയിൽ നേരത്തേ അടർത്തിമാറ്റിയ ടാറും മെറ്റലും ചേർന്ന ഭാഗങ്ങൾ നിരത്തിവച്ച് ഇവയുടെ ഇടയിലുള്ള ഭാഗങ്ങൾ മണ്ണിട്ടു നികത്തിയിരുന്നു. എന്നാൽ ഇടയിലുള്ള മണ്ണ് താഴ്ന്ന് കുഴികൾ രൂപപ്പെട്ടതോടെ ഈ അടരുകൾക്കു മുകളിലും അടുത്തുള്ള കുഴികളിലും കയറിയിറങ്ങി ആടിയുലഞ്ഞു കൊണ്ടാണ് വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നത്. ഇരുചക്രവാഹനങ്ങൾ പലതവണ ഇവിടെ മറിഞ്ഞുവീഴുകയും സ്ത്രീകളടക്കമുള്ള യാത്രക്കാർ ചെളിയിൽ പുതഞ്ഞ് യാത്ര അവസാനിപ്പിച്ച് മടങ്ങേണ്ടിവരികയും ചെയ്തിട്ടുണ്ട്.
നവീകരണ പ്രവൃത്തികളുടെ പേരിൽ ആറുമാസത്തോളമായി അടച്ചിട്ടിരുന്ന റോഡ് ഈ മഴക്കാലത്തിനു തൊട്ടുമുമ്പാണ് താത്കാലികമായി തുറന്നുനൽകിയത്. പാർശ്വഭിത്തികളുടെയും കലുങ്കുകളുടെയും നിർമാണം പൂർത്തിയായിട്ടുണ്ട്. എന്നാൽ ഇനി മഴക്കാലം കഴിഞ്ഞു മാത്രമേ ടാറിംഗ് തുടങ്ങാനാകൂ എന്ന നിലയാണ്. ഇതിനിടയിൽ ഒരുക്കിയ താത്കാലിക സംവിധാനമാണ് നാട്ടുകാർക്കും വാഹനയാത്രക്കാർക്കും ഇരട്ടി ദുരിതമായി മാറിയത്.
Tags : Local News Nattuvishesham Chemmattamvayal-Kalichanadukkam Road mud puddle