പത്തനംതിട്ട: കാടുവിട്ടിറങ്ങിയ ആനക്കൂട്ടം കാടുകയറാതെ ജനവാസമേഖലകളിൽ സ്ഥിരശല്യക്കാരായി മാറിയതോടെ മലയോരജനതയുടെ ഭീതി വർധിച്ചു. പകൽ സമയത്തു പോലും കാട്ടാനക്കൂട്ടം പൊതുനിരത്തുകളിലും കൃഷിയിടങ്ങളിലും എത്തിയതോടെ ജനജീവിതം ദുഃസഹയി. കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കാൻപോലും ആളുകൾക്കു ഭയമായിത്തുടങ്ങി. ടാപ്പിംഗ് മേഖലയും കാർഷികജോലികളും തടസപ്പെട്ടുതുടങ്ങി.
ഇതിനിടെ രാത്രികാലങ്ങളിൽ സ്ഥിരം സന്ദർശകരായി മാറിയ ആനക്കൂട്ടം വൻ നാശനഷ്ടമാണ് മലയോര മേഖലയിലെ വിവിധ പ്രദേശങ്ങളിൽ വരുത്തിക്കൊണ്ടിരിക്കുന്നത്. പ്രദേശവാസികൾ വിളിക്കുന്പോൾ വനപാലകരെത്തി ആനകളെ ഓടിച്ചുവിടുന്നുണ്ടെങ്കിലും വൈകാതെതന്നെ ഇവ തിരികെവരികയാണ് ചെയ്യുന്നത്.
മലയോര മേഖലകളിലെ ചക്ക, തെങ്ങ്, കൈതച്ചക്ക എന്നിവ തേടിയാണ് ആനകൾ കൂട്ടമായി എത്തിയിരിക്കുന്നതെന്ന് പറയുന്നു. കാടുവിട്ടിറങ്ങിയ ഇവ കല്ലാറിന്റെയും അച്ചൻകോവിലാറിന്റെയും തീരങ്ങളിൽ പകൽ തങ്ങുകയാണ് പതിവ്. ആറു നീന്തിക്കടന്നാണ് മറുകരയിലെ ജനവാസ മേഖലകളിലേക്ക് എത്തിയിട്ടുള്ളത്.
മലയാലപ്പുഴ, കടവുപുഴ, പുതുക്കുളം, മുക്കുഴി ഭാഗങ്ങളിൽ കാട്ടാന സ്ഥിരം ശല്യക്കാരായി മാറിയിട്ടുണ്ട്. ചക്ക തേടിയെത്തുന്ന ആനകൾ പലയിടത്തും പ്ലാവ് തള്ളിയിട്ടിരിക്കുന്നതും കാണാം. കടവുപുഴ ഭാഗത്തെ വനത്തിൽനിന്നാണ് ആനകൾ ജനവാസമേഖലകളിലേക്കു കടന്നിരിക്കുന്നത്.മണ്ണീറയിൽ നിരവധി കൃഷിയിടങ്ങൾ ആന തകർത്തു.
വടക്കേ മണ്ണീറ, തലമാനം പ്രദേശങ്ങളിൽ ശല്യം രൂക്ഷമാണ്. വനംവകുപ്പ് സ്ഥാപിച്ച സൗരോർജവേലി പ്രവർത്തനക്ഷമമല്ലാതായതോടെ അതു കടന്നാണ് ആനകൾ എത്തുന്നത്.
വകുപ്പുദ്യോഗസ്ഥരുടെ യോഗം വിളിച്ച് എംഎൽഎ
കോന്നിയുടെ വിവിധ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായതോടെ, വിവിധ വകുപ്പുദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് കെ.യു. ജനീഷ് കുമാർ എംഎൽഎ. വനം, റവന്യു, പോലീസ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗമാണ് പഞ്ചായത്ത് അടിസ്ഥാനത്തിൽ എംഎൽഎ വിളിച്ചുകൂട്ടിയിരിക്കുന്തന്.
16നു രാവിലെ പത്തിന് മലയാലപ്പുഴ പഞ്ചായത്തിലെ പുതുക്കുളം, 11.30ന് കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴി എന്നിവിടങ്ങളിൽ യോഗം ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് കലഞ്ഞൂർ പഞ്ചായത്തിലെ പൂമരുതിക്കുഴി, വൈകുന്നേരം നാലിന് തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ എന്നിവിടങ്ങളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്തയോഗം ചേരുമെന്ന് ജനീഷ് കുമാർ എംഎൽഎ അയിച്ചു.