പ്രതീകാത്മക ചിത്രം
കട്ടപ്പന: ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി ഇരട്ടയാറിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് ഇരട്ടയാര്‍ പഞ്ചായത്ത് ഭരണസമിതി.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈട്ടിത്തോപ്പിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന് ഉപാധികളുടെ അടിസ്ഥാനത്തിലാണ് ഫിറ്റ്നസ് ലഭിച്ചിരുന്നത്. ഈ വിവരം എച്ച്എംസി യോഗത്തിലും വാര്‍ഡ് മെംബര്‍മാരെയും അറിയിച്ച് പരിഹാരം കാണാന്‍ മെഡിക്കല്‍ ഓഫിസര്‍ ആവശ്യപ്പെട്ടിട്ടും യാതൊരുവിധ നടപടികളും എടുക്കാന്‍ മുന്‍ ഭരണസമിതികള്‍ക്കും വാര്‍ഡ് മെംബര്‍മാര്‍ക്കും സാധിച്ചിട്ടില്ല.
നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ആശുപത്രി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി ആശുപത്രി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ ആശുപത്രി നഷ്ടമാകുമെന്നും ഡിഎംഒ പഞ്ചായത്തിനു കത്ത് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി മാറ്റിയത്.
അധികാരത്തില്‍ ഇരുന്നപ്പോള്‍ ആശുപത്രിക്കുവേണ്ടി ഒന്നും ചെയ്യാതിരുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയും നാട്ടുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കുന്നതിനുവേണ്ടിയും നടത്തുന്ന ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയുമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ സിജോ ഇലന്തൂര്‍, മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കിരണ്‍ ഉതിരക്കുളം, ജാന്‍സി കുറ്റിനിക്കല്, ഷീബ കളത്തിക്കുന്നേല്‍ തുടങ്ങിയവര്‍ പറഞ്ഞു.