ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിനെയും സ്ഥാനാർഥി അനീറ്റ് ജോഷിയെയും ജിബിൻ ജോർജിനെയും വഴിയിൽ തടഞ്ഞ് ആക്രമിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വക്കച്ചൻ വയലിൽ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സ തേടി. സിപിഎം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റി സെക്രട്ടറി എബിനടക്കം മൂന്നു പ്രവർത്തകർക്കെതിരേ കഞ്ഞിക്കുഴി പോലീസ് കേസെടുത്തു. പഞ്ചായത്തംഗവും നിലവിലെ സ്ഥാനാർഥിയുമായ അനിറ്റ് ജോഷിയെ പ്രത്രികൾ അസഭ്യം വിളിച്ചതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം ചുരുളിപതാലിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ രാജേഷ് എന്ന ആദിവാസി യുവാവിനെ തലക്കടിച്ചു പരിക്കേൽപ്പിച്ചതായും യുഡിഎഫ് നേതാക്കൾ പറയുന്നു. എൽഡിഎഫ് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ യുഡിഎഫ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരേ ആക്രമണങ്ങൾ അഴിച്ചുവിട്ടിരിക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
സിപിഎം ഗുണ്ടകളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ, ആക്രമണ സംഭവം സിപിഎം ലോക്കൽ സെക്രട്ടറി നിഷേധിച്ചു. മർദിച്ചെന്നുള്ള പരാതി കളവാണ്. വാക്കുതർക്കം മാത്രമാണുണ്ടായതെന്നും എബിൻ പറഞ്ഞു.
Tags : Panchayat President