ഐആർടിസിയിൽ നടന്ന സംസ്ഥാന കോ- ഓർഡിനേറ്റർമാരുടെ ത്രിദിന പരിശീലനക്യാന്പ്
പാലക്കാട്: ശാസ്ത്രീയ മാലിന്യ പരിപാലനത്തിലൂടെ മാലിന്യമുക്ത തദ്ദേശസ്ഥാപനങ്ങൾ യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തന പരിപാടികൾക്ക് രൂപംനൽകി പാലക്കാട് ഐആർടിസിയിൽ നടന്ന സംസ്ഥാന കോ- ഓർഡിനേറ്റർമാരുടെ ത്രിദിന പരിശീലനക്യാന്പ് സമാപിച്ചു.
വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിന്നും 130 കോ-ഓർഡിനേറ്റർമാർ പങ്കെടുത്തു. ദേശീയ ഖരമാലിന്യ പരിപാലനചട്ടങ്ങൾ അടിസ്ഥാനമാക്കി സംഘടിപ്പിച്ച പരിശീലനത്തിൽ ഉറവിടമാലിന്യം വേർതിരിക്കൽ, വാതിൽപ്പടി ശേഖരണം, ജൈവമാലിന്യ സംസ്കരണം, മെറ്റീരിയൽ റിക്കവറി, പൊതുജന പങ്കാളിത്തം എന്നിവയിൽ പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നൽകി. മുഴുവൻ തദ്ദേശ ഭരണസ്ഥാപനങ്ങളിലും സമഗ്ര മാലിന്യപരിപാലന റിപ്പോർട്ട് സമർപ്പിക്കുവാൻ തീരുമാനിച്ചു.
വാതിൽപ്പടി ശേഖരണം നൂറുശതമാനം ആക്കാനും മെറ്റീരിയൽ മൂവ്മെന്റിനും സ്പെഷൽ വേസ്റ്റ് മാനേജ്മെന്റിനും പ്രത്യേക പരിപാടികൾ ആവിഷ്കരിക്കാനും ക്യാന്പിൽ തീരുമാനമായി.
ജൈവമാലിന്യ പരിപാലന ഉപാധികൾ കാര്യക്ഷമമാക്കാനും മാലിന്യങ്ങൾ നീക്കി പൊതു ഇടങ്ങൾ സൗന്ദര്യവത്ക്കരിക്കാനും പ്രവർത്ത പരിപാടി ആവിഷ്കരിച്ചു. വിവിധ വിഷയങ്ങളിൽ ജി. വിനോദ് നായർ, പി. കേശവൻ നായർ, എ.കെ. ഇബ്രാഹിം, എസ്. വിപിൻ, പി. സോമശേഖരൻ, ബാബു നിറവ് എന്നിവർ ക്ലാസുകളെടുത്തു. കെ.ബി. ജയകുമാർ, വി.കെ. ജയ്സോമനാഥ്, സുദീഖ് ചേകവർ, എം. രാജേഷ്, എം.എസ്. സൂര്യ എന്നിവർ വിവിധ സെഷനുകൾ ഏകോപിപ്പിച്ചു.
സമാപന സമ്മേളനത്തിൽ ഐആർടിസി വേസ്റ്റ് മാനേജ്മെന്റ് ഡിവിഷൻ ഹെഡ് ഡോ.പി.എൻ. ദാമോദരൻ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ എ. രാഘവൻ ഉദ്ഘാടനം ചെയ്തു. ‘ഹരിത സഹായസ്ഥാപനം പുതിയ കടമകൾ പ്രവർത്തനങ്ങൾ’ എന്ന വിഷയം എൻ. ജഗജീവൻ അവതരിപ്പിച്ചു.
Tags : Local News Nattuvishesham waste management