നിർമാണം പുരോഗമിക്കുന്ന പട്ടാന്പി നഗരസഭാ സമുച്ചയം.
പട്ടാമ്പി: നഗരസഭാ സമുച്ചയത്തിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. ഇന്റീരിയർ പണികൾ, സൗന്ദര്യവത്കരണം, അനുബന്ധ സൗകര്യങ്ങളൊരുക്കൽ തുടങ്ങിയ പണികളാണ് അവസാനഘട്ടത്തിൽ.
കെട്ടിടനിർമാണം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ ജോലികളാണ് ഇനി പൂർത്തിയാവാനുള്ളത്.
ഇതിന്റെ പ്രവൃത്തികളും തുടങ്ങി. നിലവിലെ കെട്ടിടത്തിൽ സ്ഥലപരിമിതി രൂക്ഷമാണ്.
പട്ടാമ്പി പഞ്ചായത്തായിരിക്കുമ്പോഴുള്ള കെട്ടിടത്തിലാണ് നഗരസഭയുടെ ഓഫീസ് പ്രവർത്തനം. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള സൗകര്യങ്ങൾ ഓഫീസിലില്ല.
നഗരസഭയുടെ സമ്മേളനം നടക്കുന്ന ഹാളും സ്ഥലപരിമിതിയിലാണ്. പുതിയകെട്ടിടം വരുന്നതോടെ ഇതിനെല്ലാം പരിഹാരമാവും. നഗരസഭാ സമുച്ചയത്തിന്റെ തൊട്ടടുത്താണ് റവന്യൂടവറും വരുന്നത്.
ഇതോടെ ആവശ്യക്കാർക്ക് വിവിധ ഓഫീസുകളിലേക്കാണ് സഹായകരമാവും. 2024 ജനുവരിയിലാണ് കെട്ടിടത്തിന്റെ നിർമാണം നടത്തിയത്. പട്ടാമ്പി- പെരിന്തൽമണ്ണ റോഡിൽ മത്സ്യച്ചന്തയ്ക്ക് സമീപമാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അഞ്ചുനിലക്കെട്ടിടം വരുന്നത്.
ജനപ്രതിനിധികൾക്കുള്ള മുറികൾ, വകുപ്പധികൃതർക്കുള്ള പ്രത്യേക ഓഫീസ് മുറികൾ, ജനപ്രതിനിധികൾക്ക് സന്ദർശകരെ കാണാനുള്ള സൗകര്യം, വഴിയോര വിശ്രമകേന്ദ്രം വെളിയുള്ള സൗകര്യങ്ങളോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്.