മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മാണോദ്ഘാടന ശിലാഫലകം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന് അനാച്ഛാദനം ചെയ്യുന്നു.
മൂലമറ്റം: ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസിന്റെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. വളര്‍ന്നുവരുന്ന കുട്ടികളെയും യുവജനങ്ങളെയും ലഹരിയുടെയും രാസലഹരിയുടെയും പിടിയില്‍നിന്ന് മോചിപ്പിക്കേണ്ടതു സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കുന്നം, ആലക്കോട്, മുട്ടം, വെള്ളിയാമറ്റം, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, ഇലപ്പള്ളി, അറക്കുളം എന്നീ എട്ടു വില്ലേജുകള്‍ ഉള്‍പ്പെടുത്തിയാണ് മൂലമറ്റം എക്സൈസ് റേഞ്ച് ഓഫീസ് രൂപീകരിച്ചത്. വെള്ളിയാമറ്റം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ കലയന്താനിയിലുണ്ടായിരുന്ന സ്ഥലം എക്സൈസിനു വിട്ടുനല്‍കിയാണ് കെട്ടിടം നിര്‍മിക്കുന്നത്.
വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡലുകള്‍ നേടിയ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ ബി. രാജ്കുമാര്, ഇടുക്കി സ്പെഷല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.കെ. സിജുമോന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കരന് അധ്യക്ഷത വഹിച്ചു. വെളളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാര്‍, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ രാജു ഓടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്തംഗം ജസ്റ്റി സാബു, പഞ്ചായത്തംഗം കെ.എസ്. ജോണ്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പ്രിന്‍സ് ബാബു എന്നിവര്‍ പ്രസംഗിച്ചു.