കൊച്ചി: കൊച്ചി കോര്പറേഷന് പരിധിയിലെ കുടിവെള്ള പ്രശ്നങ്ങള്‍ കണ്ടെത്താനും ജല ഉപഭോഗവും ആവശ്യകതയും കൃത്യമായി കണക്കാക്കുന്നതിനുമായുള്ള ഉപഭോക്തൃ സര്‍വേ ഒരു ലക്ഷത്തിലധികം വീടുകളില്‍ പൂര്‍ത്തിയായി. ഫ്രഞ്ച് കമ്പനിയായ സൂയസ് നടത്തുന്ന സര്‍വേ രണ്ടുമാസം കൊണ്ടു പൂര്‍ത്തിയാകും.
കോര്‍പറേഷനിലെ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് ലൈന്‍ ശൃംഖലയുടെ ടോപ്പോഗ്രാഫിക്കല്‍, വാക്ക്-ത്രൂ സര്‍വേകളും കമ്പനി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കുടിവെള്ള വിതരണ ആസ്തികളുടെ ഘടനാപരമായ വിലയിരുത്തല്‍, ജലത്തിന്റെ ഒഴുക്ക് പരിശോധന, അടിസ്ഥാനസൗകര്യങ്ങളുടെ നിലവിലത്തെ അവസ്ഥ നിര്‍ണയം എന്നിവയും സർവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സര്‍വേകളില്‍ നിന്നുള്ള കണ്ടെത്തലുകള്‍ മുന്‍നിര്‍ത്തിയായിരിക്കും പുതിയ പൈപ്പ് ലൈന്‍ ശൃംഖലയുടെ രൂപരേഖ തയാറാക്കുക.
സര്‍വേ പൂര്‍ണമാകുന്നതോടെ ഓരോ പ്രദേശത്തെയും ജല ആവശ്യകത സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 1,141.28 കോടി രൂപയുടെ പദ്ധതി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണു നടപ്പിലാക്കുന്നത്.
Tags : Nattuvishesham Districtnews Consumer survey