എഴുമാന്തുരുത്തിലൂടെ ബൈക്കില്‍ പത്രവിതരണം നടത്തുന്ന ദമ്പതികളായ സുമേഷും ചാന്ദ്നിയും.
കടുത്തുരുത്തി: വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട എഴുമാന്തുരുത്തില്‍ ദിവസങ്ങളായി വെള്ളത്തിലൂടെ നീന്തിയും ബൈക്കിലുമായി മുടങ്ങാതെ പത്രവിതരണം നടത്തുകയാണ് എഴുമാന്തുരുത്ത് പുലിത്തുരുത്ത് നന്ദനം വീട്ടില്‍ സുമേഷും (41), ഭാര്യ ചാന്ദ്നി (40)യും. കോട്ടയത്തുനിന്നും എത്തുന്ന പത്രം മുട്ടുചിറയില്‍ നിന്നാണ് ഇവര്‍ എടുക്കുന്നത്. തുടര്‍ന്ന് ഇരുവരും രണ്ട് സ്കൂട്ടറുകളിലായിട്ടാണ് പത്രവിതരണം നടത്തിയിരുന്നത്.
വെള്ളപ്പൊക്കത്തില്‍ എഴുമാന്തുരുത്തിലേക്കുള്ള വഴി വെള്ളം മൂടിയതോടെ പത്രവിതരണവും പ്രതിസന്ധിയിലായി. അര കിലോമീറ്ററിലേറെ ദൂരം വെള്ളം മൂടിയതോടെ സ്കൂട്ടര്‍ ഓടിക്കുക ദുഷ്കരമായി. അതോടെ രണ്ടായി നടത്തിയിരുന്ന വിതരണം ഒഴിവാക്കി ഇരുവരും ബൈക്കില്‍ ഒന്നിച്ചു പോകാന്‍ തുടങ്ങി. പുലർച്ചെ 2.45 ഓടെ വീട്ടില്‍നിന്നും പുറപ്പെടുന്ന ദമ്പതികള്‍ എഴുമാന്തുരുത്തില്നിന്നും ബൈക്കിന്റെ സൈലന്‍സറില്‍ വെള്ളം കേറാതെ മൂടിക്കെട്ടിയശേഷം അര കിലോമീറ്ററിലേറെ ദൂരത്തില്‍ ബൈക്കുമായി മലപ്പുറം പള്ളിയുടെ ഭാഗത്തേക്കു നീന്തും. തുടര്‍ന്ന് സൈലന്‍സറിലെ കെട്ട് നീക്കിയശേഷം ബൈക്കുമായി മുട്ടുചിറയിലെത്തി പത്രക്കെട്ടുകള്‍ ശേഖരിക്കും.
അവിടെനിന്നും ആയാംകുടി, പുതുശേരിക്കര പ്രദേശങ്ങളില്‍ വിതരണം നടത്തിയ ശേഷം മലപ്പുറം ഭാഗത്തെത്തി വീണ്ടും സൈലന്‍സറും മൂടികെട്ടിയ ശേഷം എഴുമാന്തുരുത്തിലേക്ക് തിരിച്ചു നീന്തും.
ഇവിടെയെത്തിയശേഷം എഴുമാന്തുരത്തിലെയും പുലിത്തുരുത്തിലെയും പത്രവിതരണം പൂര്‍ത്തിയാക്കി ഇരുവരും വീട്ടിലെത്തുമ്പോള്‍ ഒമ്പത് കഴിയും. മഴയാണെങ്കിൽ വീണ്ടും താമസിക്കും. സ്വന്തമായി ഓട്ടോറിക്ഷയുള്ള സുമേഷ് ഇതിനുശേഷം എഴുമാന്തുരുത്തിലെത്തി ഓട്ടോ സര്‍വീസും നടത്തുന്നുണ്ട്. മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്ക കാലത്ത് ദിവസങ്ങളോളം പത്രം വായിക്കാന്‍ കിട്ടാതിരുന്ന എഴുമാന്തുരുത്തുകാര്ക്ക് സുമേഷും ചാന്ദ്നിയും വിതരണം നടത്തുന്നതിനാൽ മുടങ്ങാതെ ഇപ്പോള്‍ പത്രം ലഭിക്കുന്നുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് ഇവര്‍ പത്രവിതരണം ആരംഭിച്ചത്.
Tags : Local News Nattuvishesham Couple delivers newspaper without interruption