ജി. സുധാകരൻ
കായംകുളം: അമ്പലപ്പുഴ എംഎൽഎ ജി. സുധാകരനെതിരേ സിപിഎമ്മിൽ പ്ര തിഷേധം പുകയുന്നതിനിടെ കായംകുളത്ത് സിപിഎം ഏരിയ നേതാവുമായി നടന്ന രഹസ്യ കൂടിക്കാഴ്ച വിവാദമാകുന്നു. രണ്ടുദിവസം മുമ്പ് കായംകുളം റെസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. പാർട്ടിയും ജി. സുധാകരനുമായി തർക്കം രൂക്ഷമാകുന്നതിനിടെ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയ മുതിർന്ന നേതാവിനെതിരേ സിപിഎം നേതൃത്വത്തിന് പരാതി പോയതായാണ് അറിയുന്നത്.
നഗരസഭാ മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗവും നിലവിൽ കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ എൻ. ശിവദാസനെതിരെയാണ് പാർട്ടിയിലെ ഒരുവിഭാഗം പരാതിയുമായി രംഗത്തെത്തിയത്. മറ്റൊരു പാർട്ടി അംഗത്തോടൊപ്പമാണ് ശിവദാസൻ റെസ്റ്റ്ഹൗസിലെത്തിയത്. ഒപ്പമുണ്ടായിരുന്നയാളെ പുറത്തുനിർത്തിയശേഷമാണ് അരമണിക്കൂറിലധികം അടച്ചിട്ടമുറിയിൽ ഇരുവരും ചർച്ച നടത്തിയതത്രേ.
ഇതിനുശേഷം കായംകുളത്തെ രണ്ടു പാർട്ടി കുടുംബാംഗങ്ങളുടെ മരണവീടുകൾ സുധാകരൻ സന്ദർശിച്ചിരുന്നു. ഇരുചക്രവാഹനത്തിൽ കാറിനെ പിന്തുടർന്ന് കായംകുളത്തെ നേതാവും മരണവീടുകളിൽ എത്തിയതായാണ് പറയുന്നത്. പാർട്ടിക്കും നേതൃത്വത്തിനും എതിരേ കടുത്ത വിമർശനങ്ങളുമായി രംഗത്തുവന്ന സുധാകരനെതിരേ പരസ്യ പ്രതിഷേധം ഉയർത്താൻ ജില്ലാ കമ്മിറ്റി നിർദേശം നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് കായംകുളത്തെ കുടിക്കാഴ്ച ചർച്ചയാകുന്നത്.
പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ വീണ്ടും ശക്തിപ്പെടുത്തുന്നതിനും സംഘടന അച്ചടക്കം തകർക്കുന്നതിനും ജി. സുധാകരന്റെ ബോധപൂർവമായ ഇടപെടലുകളും പിന്തുണയുമുണ്ടെന്ന ഗുരുതരമായ ആരോപണമാണ് ഈ സംഭവത്തോടെ ഒരു വിഭാഗം ഉയർത്തുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെത്തുടർന്ന് ഏരിയ നേതൃത്വത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ചർച്ച വന്നിരുന്നു. ഇത് സംബന്ധിച്ച തുടർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പാർട്ടി വർഗവഞ്ചകനെന്ന് വിശേഷിപ്പിച്ച നേതാവുമായി സിപിഎം ഏരിയ നേതാവ് ചർച്ച നടന്നതെന്നതാണ് ശ്രദ്ധേയം. ഇതിനിടെ നഗരസഭയിലെ തന്റെ ഭരണകാലയളവിലെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള അന്വേഷണത്തിന് തടയിടുകയെന്നതാണ് കുടിക്കാഴ്ചയിലൂടെ ശിവദാസൻ ലക്ഷ്യമാക്കിയതെന്ന ചർച്ചയും സജീവമാണ്. പ്രൈവറ്റ് ബസ് സ്റ്റാൻഡ് പദ്ധതി അട്ടിമറിച്ചതടക്കം ശിവദാസന്റെ കാലയളവിലെ ഒട്ടേറെ പ്രവൃത്തികളിൽ യുഡിഎഫ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ഈ ഫയലുകൾ നിലവിലെ ഭരണസമിതി പൊടിതട്ടി എടുക്കുന്നതിനിടയിലാണ ജി. സുധാകരനുമായി ശിവദാസന്റെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.
Tags : Local News Nattuvishesham CPM leader's secret meeting G. Sudhakaran