തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച നടപടി ജില്ലയുടെ വികസനത്തെ ബാധിക്കുമെന്ന് സിപിഐ ജില്ലാ നേതൃയോഗം. സംസ്ഥാന ബജറ്റ് വിഹിതത്തിന്റെ 30 ശതമാനം വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിന് നല്‍കിവരുന്നുണ്ട്.
ഇത് കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന പ്രക്രിയയാണ്. മുന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ 692 കോടി രൂപ ഈ ഇനത്തില്‍ വക കൊള്ളിച്ചിരുന്നു.
പുതുക്കിയ ബജറ്റില്‍ ഇതു വെട്ടിച്ചുരുക്കി 177 കോടിയാക്കി മാറ്റി. 515 കോടി രൂപയാണ് വെട്ടിക്കുറച്ചത്. ഇതിന്റെ ഫലമായി തദേശ സ്ഥാപനങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണുണ്ടാകാന് പോകുന്നത്. ലൈഫ് ഭവന പദ്ധതി, അങ്കണവാടി ജീവനക്കാുടെ ഓണറേറിയം എന്നിവയില്‍ മാറ്റിവയ്ക്കേണ്ട തുക കഴിഞ്ഞാല്‍ നാമമാത്രമായ തുകയാണ് അവശേഷിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നിര്‍ബന്ധിത പദ്ധതികളായ എസ്എസ്കെ വിഹിതം, വയോമിത്രം വിഹിതം, ഐകെഎം വിഹിതം തുടങ്ങിയവയ്ക്ക് പ്ലാന്‍ ഫണ്ട് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. ഫലത്തില്‍ തദേശ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് യോഗം കുറ്റപ്പെടുത്തി.
ഇതിനെതിരേ എല്‍ഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സിപിഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഓഗസ്റ്റ് നാലു മുതല്‍ 16 വരെ ജില്ലയില്‍ 50 കാല്‍നട ജാഥകള്‍ സംഘടിപ്പിക്കും. യോഗത്തില്‍ വി.ആര്.പ്രമോദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസ് ഫിലിപ്പ്, ജയ മധു, എം.കെ. പ്രിയന്, പി. മുത്തുപാണ്ടി, ടി. ഗണേശന് എന്നിവര്‍ പ്രസംഗിച്ചു.