ചായ്യോത്ത് സ്കൂളിനു മുന്നിൽ റോഡ് മുറിച്ചുകടക്കുന്ന കുട്ടികൾ.
ചായ്യോത്ത്: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു മുന്നിലെ തിരക്കേറിയ റോഡിൽ ഗതാഗത നിയന്ത്രണം വേണമെന്ന് ആവശ്യം. റോഡ് നവീകരണത്തിനു ശേഷം അമിത വേഗതയിൽ ഓടുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് രാവിലെയും വൈകുന്നേരവും കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നത്. ആഴമേറിയ ഓവുചാലിനു മുകളിൽ സ്ലാബുള്ളത് സ്കൂളിന്റെ തൊട്ടടുത്തു മാത്രമാണ്. മറ്റിടങ്ങളിൽ വാഹനത്തിരക്കേറിയ റോഡിനും സ്ലാബില്ലാത്ത ഓവുചാലിനും ഇടയിലൂടെ നടന്നുപോകേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലൊന്നാണ് ചായ്യോത്ത് ഗവ. സ്കൂൾ.
നീലേശ്വരത്തിന്റെ തീരദേശ മേഖലയിൽ നിന്നുൾപ്പെടെ 2500ലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂളിന് സ്വന്തമായി അഞ്ച് ബസുകളുണ്ടെങ്കിലും അഞ്ഞൂറോളം കുട്ടികൾക്കു മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. ബാക്കിയുള്ളവർ നടന്നും ഓട്ടോറിക്ഷകളിലും ലൈൻ ബസുകളിലുമായാണ് പോകുന്നത്.
രാവിലെയും വൈകുന്നേരവും ചെറിയ കുട്ടികളടക്കം റോഡ് മുറിച്ചുകടക്കുന്ന സമയങ്ങളിൽ അധ്യാപകരും എസ്പിസി കേഡറ്റുകളുമാണ് ഗതാഗതം നിയന്ത്രിക്കാൻ നിൽക്കുന്നത്. നേരത്തേ ഇവിടെ പൊലിസ് ഹോം ഗാർഡുകളെ നിയോഗിച്ചിരുന്നെങ്കിലും ക്രമേണ അത് നിലയ്ക്കുകയായിരുന്നു. സ്കൂളിന്റെ ഇരുവശങ്ങളിലും റോഡിൽ വേഗതാ നിയന്ത്രണ ഉപാധികൾ സ്ഥാപിക്കണമെന്നും ഇവിടെ ഒരു ഹോം ഗാർഡിന്റെയെങ്കിലും സേവനം ലഭ്യമാക്കണമെന്നുമാണ് നാട്ടുകാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
Tags : NattuVishesham DistrictNews