മണ്ണാറംകണ്ടം-കുറിഞ്ഞിക്കാട് റോഡുമായി ബന്ധപ്പെട്ടുള്ള നാട്ടുതോടിനു മറുകരയിലെ റോഡിലെത്താൻ തടിപ്പാലത്തിലൂടെ കടന്നുപോകുന്നവർ.
വൈക്കം: ആഴമേറിയ നാട്ടുതോടിന് കുറുകെ ദുർബലമായ തടിപ്പാലത്തിലൂടെ ഭയന്നു വിറച്ച് മറുകര കടന്ന് നിർധന കുടുംബങ്ങൾ. തലയാഴം പഞ്ചായത്തിലെ മണ്ണാറംകണ്ടം-കുറിഞ്ഞിക്കാട് റോഡുമായി ബന്ധപ്പെട്ടുള്ള നാട്ടുതോടിനു കുറുകെയാണ് പ്രദേശത്തെ നിർധന കുടുംബങ്ങൾ തടിപ്പാലം തീർത്ത് മറുകര കടക്കുന്നത്.
പ്രദേശവാസികൾക്ക് പുറം ലോകത്തെത്താനിട്ടപാലത്തിലൂടെ സമീപ സ്ഥലങ്ങളിലുള്ള വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്.തോടിന് മറുകരയുള്ള റോഡിലെത്താനായി പ്രദേശത്തെ കുടുംബങ്ങളാണ് തടിക്കഷണങ്ങളും ടെലിഫോൺ പോസ്റ്റും ചേർത്തിട്ട് പാലം തീർത്തത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പാലം ഇതിലും ദുർബലമായിരുന്നപ്പോൾ കുഞ്ഞുമായി പാലം കടന്ന വീട്ടമ്മ കാൽ വഴുതി തോട്ടിൽ വീണിരുന്നു. ഇതിനെത്തുടർന്നാണ് നാട്ടുകാർ കൂടുതൽ തടികൾ ചേർത്ത് പാലമൊരുക്കിയത്. പതിറ്റാണ്ടുകളായി തുടരുന്ന യാത്രാദുരിതം നീക്കാൻ പ്രദേശവാസികൾ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികൾക്ക് പലതവണ നിവേദനം നൽകുകയും സമരം നടത്തുകയും ചെയ്തിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.
കൂവം, പള്ളിയാട്, മണ്ണാറംകണ്ടം നിവാസികൾ പുറംലോകത്തെത്താൻ എളുപ്പമാർഗമായി ആശ്രയിക്കുന്നത് ഈ തടിപ്പാലത്തെയാണ്. കിഴക്കൻ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലേക്ക് വിവിധാവശ്യങ്ങൾക്കായി കർഷകരും കർഷക തൊഴിലാളികളും പോകുന്നതും ഈ പാലത്തിലൂടെയാണ്.
തോടിന്റെ ഇരുവശത്തും ടാറിട്ട റോഡുണ്ട് . ഗതാഗതയോഗ്യമായ പാലം ഇല്ലാത്തതിനാൽ പ്രദേശവാസികളുടെ വീട് അറ്റകുറ്റപ്പണിക്കായി നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനും ഏറെ തുക കൂലിച്ചെലവായി നൽകേണ്ടിവരുന്നതായി പ്രദേശവാസികൾ പറയുന്നു. ഗതാഗത യോഗ്യമായ പാലം നിർമിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പാലത്തിൽനിന്ന് പലരും വീണിട്ടുണ്ട്
നിർധനരായ പ്രദേശവാസികൾക്ക് ഏറെ പണം മുടക്കി പാലം നിർമിക്കാൻ നിർവാഹമില്ല. എളുപ്പ മാർഗമായതിനാൽ ഒരുപാട് പേർ ഇതുവഴി പോകുന്നുണ്ട്. ഞാൻ കുഞ്ഞുമായി പാലം കടക്കുന്നതിനിടയിൽ കാൽ വഴുതി തോട്ടിൽ വീണ് മുങ്ങിത്താണിട്ടുണ്ട്. സമീപവാസികൾ പെട്ടെന്ന് ഓടിയെത്തിയതിനാൽ രക്ഷപ്പെട്ടു. ഇവിടെ പാലം നിർമിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.
ഗീത കുറുഞ്ഞിക്കാട്ടുതറ
ഉല്ലല തലയാഴം
Tags : District News Nattuvishesham Destitute families trembling with fear wooden bridge