രജിസ്ട്രേഷൻ നടത്താതെ ആരോഗ്യവകുപ്പിന്റെ ഓഫീസ് കോന്പൗണ്ടിൽ കൂട്ടിയിരിക്കുന്ന ആംബുലൻസുകൾ.
തിരുവനന്തപുരം: സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങി ജീവൻ രക്ഷാ ആംബുലൻസുകൾ നിരത്തിലിറക്കാനാകാതെ തുരുന്പെടുത്ത് നശിക്കുന്നു. ആരോഗ്യവകുപ്പിന്റെ അനാസ്ഥയാണ് ആംബുലൻസിനെ വെന്റിലേറ്ററിലാക്കിയിരിക്കുന്നത്. രജിസ്ട്രേഷൻ നടത്താതെ ആരോഗ്യവകുപ്പിന്റെ ഓഫീസ് കോന്പൗണ്ടിൽ കൂട്ടിയിരിക്കുന്ന ആംബുലൻസുകൾ തൂരുന്പെടുത്തു നശിക്കുകയാണ്.
സംസ്ഥാനത്തൊട്ടാകെ സർവീസ് നടത്തുന്ന കാലപ്പഴക്കം ചെന്ന 108 ആംബുലൻസുകൾക്ക് പകരമായി സർക്കാർ പുതുതായി വാങ്ങിയ 300 ൽപരം ആംബുലൻസുകളാണ് ചുവപ്പ് നാടയിൽ കുരുങ്ങിയത്. പുലയനാർകോട്ട സർക്കാർ ആശുപത്രിയിലും ആരോഗ്യവകുപ്പിന്റെ വിവിധ ഓഫീസുകളിലുമാണ് പുതുതായി വാങ്ങിയ ആംബുലൻസുകൾ വെയിലും മഴയുമേറ്റ് തുരുന്പെടുത്ത് നശിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് ആംബുലൻസുകൾ നിരത്തിലിറക്കാൻ സാധിക്കാത്തതിന് കാരണം.
2025 ലാണ് പുതിയ ആംബുലൻസുകൾ വാങ്ങാൻ സർക്കാർ ടെൻഡർ വിളിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇക്കഴിഞ്ഞ ജൂലായിൽ സർക്കാർ ആംബുലൻസുകൾ വാങ്ങിയെങ്കിലും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയില്ല. അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ളതാണ് ഇപ്പോൾ വാങ്ങിയിട്ടുള്ള ജീവൻരക്ഷാ ആംബുലൻസുകൾ. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട് കാരണമാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന പല ആംബുലൻസുകളും അറ്റകുറ്റപണികൾ നടത്തിയാണ് സർവീസ് നടത്തുന്നത്.
പല സന്ദർഭങ്ങളിലും വാഹനങ്ങൾക്ക് തകരാറുകൾ സംഭവിക്കാറുണ്ടെന്നും പരാതികൾ ഉയർന്നിരുന്നു.