പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: പ്രകൃതി ഭംഗിയിലും ജൈവവൈവിധ്യത്തിലും സമ്പന്നമായ പോളച്ചിറയുടെ തീരങ്ങളില്‍ ഉള്‍പ്പെടെ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന 15 അനധികൃത പന്നി വളര്‍ത്തല്‍ ഫാമുകൾക്കെതിരേ കടുത്ത നടപടിയുമായി പഞ്ചായത്ത്.
അനധികൃത ഫാമുകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്കി. 5000 മുതല്‍ 25000 വരെ രൂപ പിഴയാണ് ശിക്ഷ. മാലിന്യം സ്വന്തം നിലയില്‍ നീക്കം ചെയ്യണം.
പിഴ തുക അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിയുമുണ്ടാവും. ചിറക്കര പഞ്ചായത്ത് നടപ്പാക്കുന്ന ഗ്രാമീണ ദേവതയുടെ സ്വന്തം നാട്- ചിറക്കര പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രത്യേക ശുചിത്വ-പരിസ്ഥിതി പരിശോധനയിലാണ് നടപടിയെടുത്തത്. ലൈസന്‍സ്, മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയവയില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ കടുത്ത മലിനീകരണം സൃഷ്ടിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പുഞ്ചപാടമായ പോളച്ചിറയുടെ തീരം കേന്ദ്രീകരിച്ചാണ് അനധികൃത ഫാമുകളില്‍ അധികവും പ്രവര്‍ത്തിക്കുന്നത്. വിജനമായ സ്ഥലങ്ങളില്‍ ഷെഡുകള്‍ നിര്‍മിച്ച് പന്നികളെ വളര്‍ത്തുകയാണ് രീതി.
ഇതിന്റെ മറവില്‍ കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളിലെ ഭക്ഷണ മാലിന്യവും മറ്റും ശേഖരിച്ച് ഫാമുകളില്‍ എത്തിക്കും.
പുറത്തുനിന്നുള്ള സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. ശുചിത്വ സുന്ദര നാടിന്റെ സൃഷ്ടിക്കാണ് ഗ്രാമീണ ദേവതയുടെ സ്വന്തം നാട്- ചിറക്കര പദ്ധതിക്ക് പഞ്ചായത്ത് രൂപം നല്‍കിയത്.
പരിസ്ഥിതി മലിനമാക്കുന്ന മാ ഫിയകള്ക്ക് എതിരെ പഞ്ചായത്ത്, ആരോഗ്യവകുപ്പ്, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കാന്പയിൻ തുടങ്ങിയിരുന്നു. പോളച്ചിറയുടെ തീരത്തെ ആള്‍ത്താമസം ഇല്ലാത്ത വീട്ടില്‍ ഭക്ഷണ-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിച്ചിരുന്നത് മിന്നല്‍ പരിശോധനയില്‍ കണ്ടത്തിയിരുന്നു. വരും ദിവസങ്ങളില്‍ ചിറക്കര പഞ്ചായത്തിന്റെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്ന് ചിറക്കര പഞ്ചായത്ത് പ്രസിഡന്റ് ചിറക്കര ഉല്ലാസ് കൃഷ്ണന് പറഞ്ഞു വ്യക്തമാക്കി.
Tags : District News Nattuvishesham pig farms Chirakkara Panchayat