പ്രതീകാത്മക ചിത്രം
പന്തീരാങ്കാവ്: പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഭാഗത്ത് വെച്ച് അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന വയോധികയുടെ സ്വർണമാല ഇരുചക്രവാഹനത്തിലെത്തി പിടിച്ചുപറിച്ച് കവർച്ച നടത്തിയ കേസിൽ രണ്ട് പ്രതികളെ പന്തീരാങ്കാവ് പൊലിസ് അറസ്റ്റ് ചെയ്തു.
കാസർഗോഡ് സ്വദേശിയും സമാനരീതിയിലുള്ള നിരവധി മോഷണക്കേസുകളിലെ പ്രതിയുമായ ഇബ്രാഹിം ഖലീൽ(42),മലപ്പുറം ആനക്കയം സ്വദേശിയായ മുഹമ്മദ് ദിൽഷാദ്(23) എന്നിവരാണ് അറസ്റ്റിലായത്. കൊടൽനടക്കാവ് സ്വദേശി എളാടത്ത് വിലാസിനിയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാലയാണ് കഴിഞ്ഞ മാസം 30 ന് രാവിലെ കവർച്ച ചെയ്തത്.
‘ചായക്കട’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ പരിചിതരായ പ്രതികൾ കവർച്ച നടത്തുന്നതിനായി സംഭവത്തിന് ഒരാഴ്ച മുമ്പേ പദ്ധതി ആവിഷ്കരിച്ചതായി പൊലിസ് അറിയിച്ചു. കവർച്ചയ്ക്കായി ഒന്നാം പ്രതി ഇബ്രാഹിം ഖലീൽ ഇരുചക്രവാഹനം മോഷ്ടിച്ച് സംഭവത്തിന് രണ്ട് ദിവസം മുമ്പ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചു. തുടർന്ന് കാസർഗോട്ടേക്ക് തിരികെ പോയി. മോഷണം നടത്തുന്ന ദിവസം തിരികേ കോഴിക്കോട്ടെത്തി. രണ്ടാം പ്രതി മറ്റൊരു സ്കൂട്ടറിൽ കോഴിക്കോട് എത്തുകയും ചെയ്തു. ആരാധനാലയങ്ങളിൽ പോയി മടങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് ലക്ഷ്യമിട്ട് മോഷ്ടിച്ച സ്കൂട്ടറിൽ വിവിധ സ്ഥലങ്ങളിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് അമ്പലത്തിൽ പോയി മടങ്ങുകയായിരുന്ന വിലാസിനിയെ ഈരാട്ടുകുന്നിലുള്ള ആളൊഴിഞ്ഞ റോഡിൽ വെച്ച് കാണുന്നത്.
തുടർന്ന് ഇരുവരും ചേർന്ന് വിലാസിനിയുടെ സ്വർണമാല പൊട്ടിച്ച് കവർച്ച നടത്തുകയായിരുന്നു.ഇരുവരും ഹെൽമറ്റും മാസ്കും ഉപയോഗിച്ചിരുന്നു.പ്രതികൾ സഞ്ചരിച്ച ദിശകളിലെ ലഭ്യമായ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും വിവരങ്ങൾ ശേഖരിച്ചും സമാനരീതിയിലുള്ള മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
Tags : District News Nattuvishesham thieves gold chain elderly woman