പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: കോഴിക്കോട് -നിലമ്പൂര്‍- ഗൂഡല്ലൂര്‍ പാത നവീകരണത്തിന് ഇരുപത് കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. എടക്കര മുതല്‍ മമ്പാട് പൊങ്ങല്ലൂര്‍ വരെയാണ് റോഡ് നവീകരണം. ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തിയാണിത്. റോഡ് വീതി കൂട്ടി ഉപരിതലം മിനുക്കുന്ന പ്രവൃത്തിക്കാണ് ഭരണാനുമതി.
എടക്കര മുണ്ട മുതല്‍ വഴിക്കടവു വരെ റോഡ് പ്രവൃത്തി നടത്താനായാല്‍ കെഎന്‍ജി റോഡിലെ നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഭാഗങ്ങളിലെല്ലാം റോഡ് നവീകരിക്കപ്പെടും.
അതിനുള്ള ശ്രമം തുടരുന്നതായി ആര്യാടന് ഷൗക്കത്ത് എംഎല്‍എ പറഞ്ഞു. കെഎന്‍ജി റോഡില്‍ മേഖലയിലെ താഴെ ചന്തക്കുന്ന്-വെളിയന്തോട് റോഡ് നവീകരണത്തിന് അഞ്ച് കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇതിന്റെ പ്രവൃത്തി തുടരുകയാണ്.
അഞ്ച് കോടി രൂപ ചിലവില്‍ നിലമ്പൂര്‍ ടൗണില്‍ റോഡ് നവീകരണം കഴിഞ്ഞ വര്‍ഷം നടത്തുകയും ചെയ്തിരുന്നു. നാടുകാണി-പരനപ്പനങ്ങാടി റോഡ് നവീകരണത്തിന് 2015ല്‍ 390 കോടി രൂപ അനുവദിച്ചിരുന്നെങ്കിലും നാടുകാണി ചുരത്തില്‍ മാത്രമാണ് കാര്യമായ പ്രവൃത്തി നടത്തിയത്. വഴിക്കടവ് മുതല്‍ മഞ്ചേരി വരെ നവീകരണം നടന്നിരുന്നില്ല. ഇതേത്തുടര്‍ന്ന് കെഎന്‍ജി റോഡിന്റെ പല ഭാഗത്തും പൊട്ടിപൊളിഞ്ഞ അവസ്ഥയിലാണ്.
അറ്റകുറ്റപണി പോലും നടത്താത്തത് അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതത്തെ തന്നെ ബാധിച്ചിരുന്നു. മലബാറില്‍നിന്ന് തമിഴ്നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള പാതയോടുള്ള അവഗണനക്കെതിരേ വലിയ പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Tags : District News Nattuvishesham Kozhikode-Nilambur-Gudalur road renovation