പൊൻകണ്ടം- കടപ്പാറ റോഡിൽ തകർന്നു കിടക്കുന്ന കടമപ്പുഴ ഭാഗം.
മംഗലംഡാം: പൊൻകണ്ടം- കടപ്പാറ റോഡിൽ കടമപ്പുഴ (വെറ്റിലത്തോട്) മുതൽ കടപ്പാറ വരെയുള്ള രണ്ടുകിലോമീറ്ററോളംവരുന്ന റോഡിന്റെ റീ ടാറിംഗ് വർക്കുകൾ നടത്താതെ മലയോരവാസികളെ കഷ്ടപ്പെടുത്തി ഭരണസംവിധാനങ്ങൾ.
റോഡിന്റെ ഉടമസ്ഥാവകാശം ആരും ഏറ്റെടുക്കാത്തതാണ് പ്രധാന പ്രശ്നം. ത്രിതല പഞ്ചായത്ത് ഭരണസംവിധാനങ്ങളും പൊതുമരാമത്തു വകുപ്പും കൈമലർത്തുന്ന സ്ഥിതിയായതിനാലാണ് മലയോരനിവാസികളുടെ യാത്രാക്ലേശവും നീളുന്നത്.
എംഎൽഎ, എംപി ഫണ്ടും ഇല്ല. നടന്നുപോകാൻപോലും കഴിയാത്തവിധം റോഡ് പൊട്ടിപ്പൊളിഞ്ഞ് കരിങ്കൽ ക്വാറിപ്പോലെയായി. കഴിഞ്ഞദിവസവും ഇവിടെ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവമുണ്ടായി.
ഇരുചക്രവാഹന യാത്രികർ കരണംമറിഞ്ഞ് അപകടത്തിൽപ്പെടുന്നത് പതിവാണ്. പ്രദേശത്തൊന്നും വീടുകളോ മറ്റു ആൾതാമസമോ ഇല്ലാത്തതിനാൽ അപകടത്തിൽപ്പെടുന്നവർക്ക് ചികിത്സയും വൈകുന്ന സ്ഥിതിയുണ്ട്. വഴിയാത്രക്കാർ തന്നെയാകും രക്ഷാപ്രവർത്തകർ. നാലുവർഷത്തിലേറെയായി റോഡിന്റെ സ്ഥിതി ഇങ്ങനെയാണ്. റോഡ് തങ്ങളുടെതല്ലെന്നാണ് എല്ലാവരും പറയുന്നത്. പ്രധാനമന്ത്രിയുടെ റോഡ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡാണ് ഇപ്പോൾ അനാഥാവസ്ഥയിലുള്ളത്.
പൊൻകണ്ടത്തുനിന്ന് കടപ്പാറയിലേക്കുള്ള റോഡാണ് അന്ന് നിർമിച്ചത്. എന്നാൽ മംഗലംഡാമിൽനിന്ന് റോഡ് അളന്നപ്പോൾ കടപ്പാറയ്ക്കുമുമ്പ് കടമപ്പുഴയിലെത്തിയപ്പോൾ തങ്ങളുടെ റോഡിന്റെ ദൂരമായെന്നുപറഞ്ഞ് പൊതുമരാമത്ത് വകുപ്പ് ശേഷിച്ച റോഡ് ഏറ്റെടുക്കാൻ തയാറാകാത്തതാണ് പ്രശ്നമെന്നു പറയുന്നു.
13 കിലോമീറ്റർ ദൂരംവരുന്ന റോഡ് മാത്രമേ തങ്ങളുടെതായുള്ളൂ എന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. ഇതിനെതുടർന്ന് റോഡിന്റെ അറ്റകുറ്റപ്പണികളും അവതാളത്തിലായി.
പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിശ്ചിത കാലാവധി കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് അറ്റകുറ്റപ്പണികളും ആവശ്യമാണെങ്കിൽ റീടാറിംഗ് വർക്കുകളും നടത്തണമെന്നാണ് വ്യവസ്ഥ.
ഇതുചെയ്യിക്കാനുള്ള സമ്മർദം എവിടെനിന്നുമുണ്ടാകുന്നില്ല. ആദിവാസി ഉന്നതികളുള്ള കടപ്പാറ മൂർത്തിക്കുന്ന്, തളികക്കല്ല് മറ്റു ജനവാസ മേഖലകളായ പോത്തംതോട്, മേമല, കുഞ്ചിയാർപ്പതി, കടപ്പാറ ദേവാലയം, ക്ഷേത്രം തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാർഗമാണിത്. റോഡ് പൂർണമായും തകർന്ന നിലയിലായതിനാൽ ബസ് ഓടിക്കാനും ഏറെ ബുദ്ധിമുട്ടാണെന്ന് ജീവനക്കാരും പറയുന്നു.
ഏറ്റെടുക്കൽ ടപടികൾ വേഗത്തിലാക്കി പൊതുമരാമത്തു വകുപ്പിനെ ഉപയോഗിച്ചു റോഡ് ഗതാഗതയോഗ്യമാക്കുന്ന കാര്യത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനങ്ങൾ താത്പര്യമെടുക്കണമെന്നാണ് പരക്കേയുള്ള ആവശ്യം.
കാട്ടുപോത്തും കടുവയും പുലിയുമൊക്കെ വരുന്ന പ്രദേശത്താണ് റോഡ് തകർന്ന് കിടക്കുന്നത്. ഏതെങ്കിലും വന്യമൃഗം മുന്നിൽ വന്നുപെട്ടാൽ വേഗത്തിൽ വാഹനം ഓടിച്ചു പോകാനും റോഡ് തകർച്ചമൂലം കഴിയാത്ത സ്ഥിതിയാണെന്ന് യാത്രക്കാർ പറയുന്നു.
Tags : NattuVishesham.DistricteNews