‘കൈയോട് കൈ’ കാമ്പയിന്റെ ലോഗോ ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.ജയന് നല്കി പ്രകാശനം ചെയ്തു.
കാസര്‍ഗോഡ്: ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് മിഷന് രാജ്യ വ്യാപകമായി സംഘടിപ്പിക്കുന്ന സ്വച്ഛ താ ഹി സേവ കാമ്പയിനിന്റെ ഭാഗമായി ജില്ലയില്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോട് കൂടി കാമ്പയിന് സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 17 വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിന്റെ ലോഗോ ജില്ല കളക്ടര്‍ ശ്രീധന്യ സുരേഷ് ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.ജയന് നല്കി പ്രകാശനം ചെയ്തു.
കൈകോര്‍ക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി എന്നാണ് കാമ്പയിന്റെ ആപ്തവാക്യം. മാലിന്യ കൂനകള്‍ കണ്ടെത്തി നീക്കം ചെയ്യുക, ശുചീകരിച്ച ഇടങ്ങളില്‍ വീണടു മാലിന്യം തള്ളാതിരിക്കാന്‍ സംരക്ഷണം ഒരുക്കുക, പ്രവര്‍ത്തനങ്ങളില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍. ഇതിനുപുറമേ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും മാലിന്യത്തെ വിഭവമാക്കി മാറ്റി പുനരുപയോഗ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങളെ അണിനിരത്തി വൃത്തിയുള്ള ഒരു പുതുയുഗ കേരളത്തിനായി പ്രവര്‍ത്തിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ വിഭാവനം ചെയ്യുന്നത്. പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതിനും പ്രവര്‍ത്തനക്ഷമമല്ലാത്തവ നന്നാക്കി എടുക്കുന്നതിനുള്ള പദ്ധതികളും കാമ്പയിനിന്റെ ഭാഗമായി നടപ്പിലാക്കും. ഇതിന്റെ തുടര്‍ച്ചയായി ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് മുന്നോടിയായി വ്യാപകമായി വിപുലമായ പൊതുശുചീകരണ പരിപാടികളും സംഘടിപ്പിക്കും.
Tags : NattuVishesham.DistricteNews