തൊടുപുഴ: നഗരസഭാ ഭരണം കൈയാളുന്ന യുഡിഎഫില്‍ അസ്വാരസ്യം പുകയുന്നതിനിടെ ഭരണമുന്നണിയിലെ നേതാക്കളെ ലക്ഷ്യമാക്കി ചെയര്‍പേഴ്സന്റെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തം ചുമതലകള്‍ മനസിലാക്കി അത് ആത്മാര്‍ഥമായി നിര്‍വഹിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങളിലും ചുമതലകളിലും അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്താല്‍ ജീവിതം കൂടുതല്‍ മനോഹരമാകുമെന്നാണ് ചെയര്‍പേഴ്സണ്‍ സാബിറ ജലീല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് പ്രതിനിധിയാണ് സാബിറ ജലീല്‍.
ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ സാബിറ ജലീല്‍ പരാജയമാണെന്നും രാജിവയ്ക്കണമെന്നും യുഡിഎഫില്‍ തന്നെയുള്ള ചിലരുടെ ഭാഗത്തുനിന്ന് ആവശ്യം ഉയരുന്നതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റുമായി ഇവര്‍ രംഗത്തെത്തിയത്. ചെയര്‍പേഴ്സന്റെ പേരില്‍ ഏതാനും ദിവസങ്ങളായി ഫേസ്ബുക്ക് പേജുകളില്‍ വാഗ്വാദം അരങ്ങു തകര്‍ക്കുകയാണ്.
ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ താനെടുക്കുന്ന തീരുമാനങ്ങളില്‍ ഭരണകക്ഷിയിലുള്ളവരും സ്വന്തം പാര്‍ട്ടിക്കാരും എതിര്‍പ്പ് ഉയര്‍ത്തുന്നതിലും പ്രവര്‍ത്തനം തടയുന്നതിലും അവകാശം കവരുന്നതിലും ചെയര്പേഴ്സന് അസംതൃപ്തിയുണ്ട്. ഇക്കാര്യം പാര്‍ട്ടി ഘടകങ്ങളില്‍ അവര്‍ ഉന്നയിച്ചിരുന്നു. പരസ്യ പ്രതികരണവും നടത്തിയിരുന്നു.
എന്നാല്‍ ലീഗ് നേതൃത്വം സാബിറ ജലീലിന് അനുകൂലമായ നിലപാടല്ല കൈക്കൊണ്ടത്. നടപടിയില്ലാതെ വന്നതോടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ചെയര്‍പേഴ്സണ്‍ തന്റെ നിലപാട് വ്യക്തമാക്കിയതെന്നാണ് സൂചന.
മുസ്ലിം ലീഗ് ജില്ലാ പ്രതിനിധി സമ്മേളനം ഇന്ന് തൊടുപുഴയില്‍ നടക്കുന്നുണ്ട്. മുനവറലി തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സമ്മേളനത്തില്‍ ജില്ലയില്‍ ലീഗ് നിര്‍ണായക കക്ഷിയായ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ ഉടലെടുത്ത പ്രശ്നങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
ഇതിനിടെ, വൈസ് ചെയര്മാന് കെ. ദീപക്കിനെതിരെയും മുന്നണിയില്‍ തന്നെ പടയൊരുക്കം നടത്തുന്നതായി സൂചനയുണ്ട്. നഗരസഭയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരാണ് ഇതിനു പിന്നിലെന്നാണ് വിവരം. യുഡിഎഫിലെ തര്‍ക്കംമൂലം നഗരസഭയില്‍ ഭരണസ്തംഭനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Tags : Nattuvishesham District News