ബസ് ജീവനക്കാരും സഞ്ചാരികളും തമ്മിലുണ്ടായ സംഘർഷം.
മൂന്നാർ: വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം സംഘർഷമായതിനെ ത്തുടർന്ന് സഞ്ചാരികൾ സ്വകാര്യബസിന്റെ ചില്ല് അടിച്ചു തകർത്തു. അടിമാലി - മൂന്നാർ റൂട്ടിൽ ഓടുന്ന സ്വകാര്യബസിന്റെ ചില്ലാണ് തകർത്തത്.
കഴിഞ്ഞ ദിവസം രണ്ടാം മൈൽ ഭാഗത്താണ് സംഭവം. പെരുമ്പാവൂരിൽനിന്ന് മൂന്നാർ സന്ദർശനത്തിനെത്തിയ സഞ്ചാരികളാണ് സ്വകാര്യബസിനു നേരേ ആക്രമണം നടത്തിയത്. നിരന്തരം ഹോൺ മുഴക്കിയിട്ടും സൈഡ് നൽകുവാൻ സ്വകാര്യബസ് തയാറായില്ല എന്ന് ആരോപിച്ച് ബസിനു മുന്നിൽ എത്തിയ സന്ദർശകർ ബസ് ജീവനക്കാരെ ചോദ്യം ചെയ്തതോടെയായിരുന്നു സംഭവത്തിന്റെ തുടക്കം.
തർക്കം കൈയേറ്റത്തിൽ കലാശിച്ചതോടെ പ്രകോപിതരായ സഞ്ചാരികൾ കല്ലെടുത്ത് ബസിന്റെ ചില്ല് തകർക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടെങ്കിലും രംഗം ശാന്തമാകാതെ വന്നതോടെ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.