മുട്ടം ഡെവലപ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച യോഗം
മുട്ടം: തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പോളിംഗ് പൂർത്തിയാകുന്നതോടെ കക്ഷിരാഷ്ട്രീയം ഇല്ലാതാകണമെന്നും വികസന കാര്യങ്ങളിൽ രാഷ്ട്രീയം കൂട്ടിക്കലർത്തരുതെന്നും ചീഫ് വിപ്പ് അപു ജോൺ ജോസഫ് പറഞ്ഞു. നിലത്തെഴുത്ത് കളരി ആശാത്തിമാരായി 50 വർഷം പിന്നിട്ട വിലാസി നാരായണൻ, അമ്പിളി സുരേഷ് എന്നിവരെയും ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയുംആദരിക്കാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊടുപുഴയുടെ സമഗ്രമായ വികസനത്തിന് എല്ലാ മേഖലകളിലുള്ളവരും ഒത്തുചേർന്ന് ടീം തൊടുപുഴയായി പ്രവർത്തിക്കണം. വികസനത്തിൽ മണ്ഡലത്തെ സംസ്ഥാനതലത്തിൽ നമ്പർ വൺ ആക്കുന്നതിന് നമുക്കു കഴിയും. വികസനം, തൊഴിലവസരം, മാലിന്യസംസ്കരണം, ശുചിത്വം, ടൂറിസം പദ്ധതി എന്നിങ്ങനെ വിവിധ മേഖലകളിൽ നേട്ടം കൈവരിക്കുന്നതിന് രാഷ്ട്രീയ അതിരുകളില്ലാതെ കൂട്ടുത്തരവാദിത്വത്തോടെ പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, സ്കൂൾ അധികൃതർ, പിടിഎ, മർച്ചന്റ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക സംഘടനാ നേതാക്കൾ, ഡെവലപ്മെന്റ് സൊസൈറ്റി പ്രവർത്തകർ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham