കൊച്ചി: നഗരത്തില്‍ അലഞ്ഞ് നടക്കുന്ന തെരുവു നായ്ക്കളെ വന്ധ്യംകരണം നടത്തി പാര്‍പ്പിക്കുന്നതിനായി ബ്രഹ്മപുരത്ത് ഡോഗ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നു. ഒരേക്കര്‍ സ്ഥലത്ത് 1,000 തെരുവ്നായ്ക്കളെ പാര്‍പ്പിക്കാന്‍ കഴിയുന്ന നിലയിലുള്ള പുനരധിവസ കേന്ദ്രമാണ് നിര്‍മിക്കുന്നത്. തെരുവ്നായ്ക്കളെ പൊതുനിരത്തില്‍ നിന്ന് മാറ്റുന്നതിനായി തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷെല്‍ട്ടര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ വി.കെ. മിനിമോള്‍ പറഞ്ഞു.
ഡോഗ് ഷെല്‍ട്ടറിന്റെ നിര്‍മാണോദ്ഘാടനവും മേയര്‍ നിര്‍വഹിച്ചു. ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍മാണം. ഷെല്‍ട്ടറില്‍ നിരീക്ഷണ ബ്ലോക്ക്, പോസ്റ്റ് ഓപ്പറേറ്റിവ് ബ്ലോക്ക്, ക്വാറെന്റൈന്‍ ബ്ലോക്ക്, ഡിസേബിള്‍ഡ് വാര്‍ഡ് എന്നിവയുണ്ടാകും. വന്ധ്യംകരണം നടത്തിയ ശേഷമാകും തെരുവ് നായ്ക്കളെ ഷെള്‍ട്ടറിലേക്ക് മാറ്റുക. നൂറു നായ്ക്കള്‍ക്ക് 185 സ്ക്വയര്‍ മീറ്റര്‍ സ്ഥലമാണ് നീക്കി വച്ചിട്ടുള്ളത്.
നായ്ക്കള്‍ക്കുള്ള ഭക്ഷണം പാചകം ചെയ്യാനും മരുന്നുകള്‍ സൂക്ഷിക്കാനുമുള്ള സൗകര്യം, സിസി ടിവി നിരീക്ഷണം എന്നിവയും ഉണ്ടാകും. അവശ്യക്കാര്‍ക്ക് ഇവിടെ നിന്നും നായ്ക്കളെ ദെത്തെടുക്കാം. അതിനായി അഡോപ്ഷന്‍ കേന്ദ്രവും ഇതോടൊപ്പം പ്രവര്‍ത്തിക്കും.
ബ്രഹ്മപുരത്ത് നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സീന ഗോകുലന്, ഷാകൃത സുരേഷ്ബാബു, ആന്റണി പൈനുംതറ, കെ.എ. മനാഫ്, പി.എം. നസീമ, ജിസ്മി ജെറാള്‍ഡ്, കൗണ്‍സിലര്‍മാരായ എം.ജി. അരിസ്റ്റോട്ടില്‍, വിജയകുമാര്‍, ഹെന്റ്റി ഓസ്റ്റിന്‍, എം.എക്സ്. സെബാസ്റ്റ്യന്‍, ജിസണ് ജോര്‍ജ്, ജോസഫ് സുമിത്ത്, മോളി ചാര്‍ളി, ബ്രിജിതാ അശ്വിന്, അഡീഷണല്‍ സെക്രട്ടറി എല്‍.എസ്. സജി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : nattu vishesham Dog shelter Brahmapur