പ്രതീകാത്മക ചിത്രം
ആലപ്പുഴ: നാടാകെ തെരുവുനായ്ക്കൾ ജനത്തിന്റെ സ്വൈര്യ ജീവിതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുമ്പോഴും തദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടഭാവം നടിക്കുന്നില്ലെന്ന് പരാതി. ജില്ലയിൽ തെരുവുനായ ആക്രമണം തുടർക്കഥയായിട്ടും നടപടിയുണ്ടാകാത്തതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
നഗരത്തില്‍ രണ്ടായിരത്തോളം നായ്ക്കൾ; റെയിൽവേ സ്റ്റേഷനിൽ കയറാൻ ഭയക്കണം
ആലപ്പുഴ നഗരത്തില്‍ രണ്ടായിരത്തോളം നായ്ക്കളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. രാത്രികാലങ്ങളിൽ ഇവ കൂട്ടമായി എത്തുമ്പോൾ അക്രമകാരികളാകുന്നുണ്ട്. റെയിൽവേ സ്റ്റേഷനും പരിസരവും നായ്ക്കൾ കൈയടക്കിയ നിലയിലാണ്. കഴിഞ്ഞ ദിവസം വിദേശ വനിതയെ റെയില്‍വേ സ്റ്റേഷനില്‍ വച്ച് നായ കടിച്ചിരുന്നു. ട്രെയിനിന് പുറകെ നായ്ക്കള്‍ കുരച്ചുകൊണ്ട് ഓടുന്നതും പതിവാണ്.
രണ്ട് മാസത്തിനിടയിൽ കായംകുളത്തും സമീപപ്രദേശങ്ങളിലുമായി അമ്പതോളം പേർക്ക് നായ്ക്കളുടെ കടിയേറ്റു. വളർത്തു മൃഗങ്ങൾക്ക് നേരെയും വ്യാപകമായി ആക്രമണമുണ്ടാകുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരം തെരുവ് നായ്ക്കളുടെ താവളമണ്. സ്റ്റേഷനകത്ത് ടിക്കറ്റ് കൗണ്ടറിന് സമീപത്തും പാർക്കിംഗ് ഏരിയയിലും തമ്പടിച്ചിരിക്കുന്ന നായ്ക്കളിൽ പലതും അക്രമസ്വഭാവമുള്ളവയാണ്.
നൂറനാട്, വള്ളികുന്നം, ചൂനാട്, കാഞ്ഞിരത്തുംമൂട്, മലമേൽചന്ത, പടയണിവെട്ടം, താമരക്കുളം മാധവപുരം ചന്ത, നെടിയാണിക്കൽ ക്ഷേത്രപരിസരം, നാലുമുക്ക്, ചാവടി, വേടരപ്ലാവ്, ഗുരുനാഥൻ കുളങ്ങര, ചാരുംമൂട്, ചുനക്കര, കോട്ടമുക്ക്, തെരുവിൽമുക്ക്, പടനിലം ആശാൻമുക്ക്, പാലമേൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം തെരുവുനായ ശല്യം രൂക്ഷമാണ്. തീരദേശ മേഖലകളായ ചാപ്പക്കടവ്, പള്ളിത്തോടു, അന്ധകാരനഴി, തൈക്കൽ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണ്.
മണ്ണഞ്ചേരി നേതാജി ജംഗ്ഷന് പടിഞ്ഞാറ് കറുകത്തറ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം അഞ്ച് പേരെയാണ് തെരുവുനായ കടിച്ചത്. മണ്ണഞ്ചേരി 16,17 വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്. ഇതിൽ അഞ്ച് വയസുകരനും ഉൾപ്പെടുന്നുണ്ട്. ഇവർ ചികിത്സയിലാണ്. പൂച്ചാക്കൽ-ചിറക്കൽ റോഡിൽ തേവർവട്ടത്തും നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയാണ്.
പുന്നപ്ര ചള്ളി തീരത്ത് വള്ളങ്ങളും പൊന്തുകളും അടുക്കുന്ന സമയത്ത് നായ്ക്കൾ കൂട്ടാമായി എത്തുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടൽ കാഴ്ച കാണൻ എത്തുന്നവരെയും നായ ആക്രമിക്കുന്നത് പതിവാണ്.
എന്തു ചെയ്യണമെന്ന് അറിയാതെ അധികൃതർ
ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോഴും എന്തു ചെയ്യണമെന്നറിയാതെ അധികൃതര്‍. നായ്ക്കളെ വന്ധ്യംകരിക്കാനോ എബിസി സെന്ററുകളിലേക്ക് മാറ്റുന്നതിനോ തദേശസ്വയംഭരണ സ്ഥാപങ്ങൾ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അതിനിടെ നായപ്രേമികൾ പൊതുസ്ഥലങ്ങളിൽ ഭക്ഷണം നല്‍കുന്നത് ഇവ കൂട്ടംകൂടുന്നതിനും ജനങ്ങളെ ആക്രമിക്കുന്നതിനും ഇടയാക്കുന്നുണ്ട്. മൃഗസ്നേഹത്തിന്റെ മറവില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്ക് ആന്റി റാബിസ് വാക്സിന് കമ്പനികളുടെ ഉള്‍പ്പെടെ ധനസഹായം ലഭിക്കുന്നുവെന്ന ആരോപണം ചിലർ വീണ്ടം ഉയർത്തുന്നുണ്ട്.
മൃഗസംരക്ഷണവകുപ്പ് തെരുവ് നായ്ക്കളുടെ വാക്സിനേഷനും ജനന നിയന്ത്രണ പദ്ധതിയുമായി രംഗത്തുണ്ടെങ്കിലും ഇതൊന്നും നായശല്യം കുറയാൻ പര്യാപ്തമാകുന്നില്ല. 2025-ല്‍ ജില്ലയില്‍ 2,908 തെരുവ് നായകള്‍ക്ക് ആന്റി റാബീസ് വാക്സിനേഷന് നല്കിയെന്നണ ഔദ്യോഗിക കണക്ക്. 96 നായകളെ വന്ധ്യംകരിച്ചു.
അതിനിടെ നഗരപ്രദേശത്ത് തെരുവുനായകള്‍ക്കിടയില്‍ ത്വക്ക് രോഗം പടരുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ നായ്ക്കളിലേക്ക് രോഗം പകരുമ്പോഴും നഗരസഭ നടപടി സ്വീരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു ആരോപിച്ചു. വിരശല്യമാണ് നായ്ക്കളിലെ ത്വക്ക് രോഗത്തിന് കാരണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പറയുന്നത്. കുതിരപ്പന്തി, വട്ടയാൽ ബീച്ച്, വാടക്കൽ, പുലയന്‍വഴി, വലിയമരം എന്നിവിടങ്ങളിലാണ് നായ്ക്കളില്‍ രോഗം വ്യാപിക്കുന്നത്.
Tags : Local News Nattuvishesham