കോഴിക്കോട്: അധ്യാപികമാര്‍ ലഹരി കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന വയനാട് ബത്തേരി സ്വദേശി ഷിന്‍ഡോ ഷിബു(22) വിന് വേണ്ടിയുള്ള തെരച്ചിലാണ് പോലീസ് ഇതരസംസ്ഥാനത്തേക്കുകൂടി വ്യാപിപ്പിക്കുന്നത്. ഇയാൾ വാട്സാപ് സന്ദേശങ്ങളിലൂടെ ആസൂത്രിതമായാണ് ലഹരി കച്ചവടം നടത്തി വന്നത് എന്നാണ് വിവരം.
വിദേശത്തുള്ള നമ്പർ ഉപയോഗിച്ച് ഇൻസ്റ്റാൾ ചെയ്ത വാട്സാപ് അക്കൗണ്ട് വഴിയാണ് ഇയാൾ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കേസിൽ അറസ്റ്റിലായ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റ് ജിജിന് കുര്യാക്കോസിനാണ് അധ്യാപികമാർ ലഹരിവിൽപ്പനയിലൂടെ ലഭിച്ച പണം കൈമാറിയിരുന്നത്. ജിജിൻ ഈ തുക ഷിന്‍ഡോയുടെ അക്കൗണ്ടിലേക്ക് മാറ്റുന്ന രീതിയാണു തുടർന്നുവന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ഷിൻഡോ പിടിയിലാകുന്നതോടെ ലഹരിമരുന്ന് വിതരണ ശൃംഖല സംബന്ധിച്ചും കേസിലെ അന്തർസംസ്ഥാന ബന്ധങ്ങളെക്കുറിച്ചും വിവരം ലഭിക്കുമെന്നാണ് വിലയിരുത്തൽ. കേസില്‍ അറസ്റ്റിലായ പേരാമ്പ്ര ബിആര്‍സിയിലെ അധ്യാപകരായ കീര്‍ത്തന, കാവ്യ, വി.പി. നീഷ്മ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നിലവില്‍ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.
Tags : Nattuvishesham Districtnews Drug case