പ്രതീകാത്മക ചിത്രം
വൈക്കം: മഴ ശക്തമായി തുടരുന്നത് കണക്കിലെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനായി കെ. ബിനിമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്നു.
വൈക്കം താലൂക്ക് ഓഫീസിൽ നടന്ന യോഗത്തിൽ തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. മൂവാറ്റുപുഴയാറിൽ ജലനിരപ്പുയർന്ന് പുഴ കര കവിഞ്ഞ് ഒഴുകുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.താഴ്ന്ന പ്രദേശങ്ങളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് തഹസിൽദാർക്ക് നിർദ്ദേശം നൽകി.
രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ വാഹനവും മറ്റ് ഉപകരണങ്ങളും സജ്ജമാക്കണമെന്നും ഫയർഫോഴ്സ്, പോലീസ് അധികൃതർക്ക് നിർദ്ദേശം നൽകി. അത്യാവശ്യഘട്ടത്തിൽ വൈദ്യ സഹായം ഉറപ്പാക്കാൻ ക്രമീകരണം ഒരുക്കും. കാറ്റിൽ വൈദ്യുതികമ്പികൾ പൊട്ടിവീണാൽ അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടി കെഎസ്ഇബി അധികൃതർ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
കൺട്രോൾ റൂം തുറന്നു
മഴക്കെടുതികൾ നേരിടുന്നതിന് വൈക്കം താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 9496174871. 24 മണിക്കൂറും കൺട്രോൾ റൂമിന്റെ പ്രവർത്തനം ഉണ്ടായിരിക്കും.
Tags : Nattuvishesham DistrictNews DeepikaNews Emergency meeting