പെരിയാറിൽ മണ്ണ് തള്ളിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നു.
ഉപ്പുതറ: പെരിയാറും റോഡും കൈയേറി മണ്ണു തള്ളിയതായി പരാതി. ഉപ്പുതറ - പരപ്പ് റോഡിൽ പാലം ജംഗ്ഷനു സമീപമാണ് വ്യാപകമായി മണ്ണു തള്ളിയത്. പെരിയാറിന്റെയും റോഡിന്റെയും ഇടയിലുള്ള ഭൂമി നിരപ്പാക്കി സ്വന്തമാക്കാനുള്ള നീക്കം ജില്ലാ കളക്ടറുടെ നിർദേശപ്രകാരം അയ്യപ്പൻകോവിൽ വില്ലേജ് അധികൃരെത്തി തടഞ്ഞു.
ബിജെപി വാഗമൺ ഏരിയാ പ്രസിഡന്റ് ആർ. ഗിരീഷ് ജില്ലാ കളക്ടർക്കു നൽകിയ പരാതിയിലാണ് നടപടി. വിവിധ സലങ്ങളിൽനിന്ന് ടിപ്പറിൽ മണ്ണെത്തിച്ച് റോഡിൽനിന്ന് പെരിയാറിലേക്കു തള്ളുകയായിരുന്നു. ഏതാനും സ്ഥലം നികത്തി അവിടെ ഷെഡ് പണിതിട്ടുണ്ട്.
അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകുന്നേരം ഉദ്യോഗസ്ഥരെത്തി സ്ഥലം അളന്നു തിരിച്ചു. സ്ഥലം കൈയേറിയ തയ്യിൽ ലിജു ജോസിനെതിരേ കേസെടുത്തു. ജില്ലാ കളക്ടർ, ഇടുക്കി തഹസീൽദാർ എന്നിവർക്കു റിപ്പോർട്ട് നൽകി. റോഡ് കൈയേറി നിർമിച്ച ഷെഡ് പൊളിച്ചുമാറ്റാനും നിർദേശം നൽകി.
Tags : Nattuvishesham Districtnews Encroachment