പിടികൂടിയ ബോട്ട്.
മട്ടാഞ്ചേരി: കണ്ണമാലി, ചെല്ലാനം തീരദേശ മേഖലകളിൽ അനധികൃതമായി കരവലി നടത്തിയ മത്സ്യബന്ധന ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. അഴീക്കോട് രജിസ്ട്രേഷനുള്ള ക്വീൻ മേരി എന്ന ബോട്ടാണ് പിടിയിലായത്. സംഭവത്തിൽ ബോട്ടുടമയിൽ നിന്ന് ഫിഷറീസ് വകുപ്പ് രണ്ടുലക്ഷം രൂപ പിഴ ഈടാക്കി.
കണ്ണമാലി ഭാഗത്ത് അനധികൃത കരവലി നടക്കുന്നുണ്ടെന്ന പരാതിയെത്തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എം.എം. ജിബിനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അതിരാവിലെ നടത്തിയ പട്രോളിംഗിലാണ് ബോട്ട് കണ്ടെത്തിയത്.
ഉദ്യോഗസ്ഥരെ കണ്ടതോടെ വല മുറിച്ചുമാറ്റി അതിവേഗത്തിൽ രക്ഷപ്പെടാൻ ബോട്ട് ശ്രമിച്ചു. ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗ് ബോട്ട് പിന്തുടർന്നെങ്കിലും, വളരെ അപകടകരമായ രീതിയിൽ ബോട്ട് ഓടിച്ച് ഇവർ കടന്നു കളയുകയായിരുന്നു.
ബോട്ടിന്റെ രജിസ്ട്രേഷൻ നമ്പർ കൃത്യമായി രേഖപ്പെടുത്തിയിരുന്ന അസിസ്റ്റന്റ് ഡയറക്ടർ ബോട്ടുടമയുമായി ബന്ധപ്പെട്ട് ബോട്ട് ഹാജരാക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഉടമ ബോട്ട് അധികൃതർക്ക് മുന്നിൽ ഹാജരാക്കി. കടലിൽ ഉപേക്ഷിച്ച വലയും അനുബന്ധ മത്സ്യബന്ധന ഉപകരണങ്ങളും ഫിഷറീസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫിഷറീസ് ഗാർഡ് ഷൈബിൻ, വൈപ്പിൻ ഓഫീസ് അസിസ്റ്റന്റ് പ്രവീൺ, സീ ഗാർഡുമാരായ വിനു, ജിപ്സൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തുടർന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സിന്ധു തുടർനടപടികൾ സ്വീകരിക്കുകയും ബോട്ട് ഉടമയിൽ നിന്ന് രണ്ട് ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു.
പരമ്പരാഗത ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയാകുന്ന അനധികൃത കരവലിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിലും തീരദേശത്ത് പരിശോധന കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.
Tags : Illegal fishing in coastal waters Nattuvishesham DistrictNews