കഴിഞ്ഞ 26വർഷമായി മഞ്ഞപ്ര ഗവ. ഹൈസ്കൂൾ മാർസ്ലീവ ഫൊറോന പള്ളി റോഡ് അടിച്ചു വൃത്തിയാക്കുന്ന മഞ്ഞപ്ര വാക്കേലിൽ പത്മനാഭൻനായർ.
മഞ്ഞപ്ര : പ്രായം 83 പിന്നിട്ടിട്ടും വിശ്രമമില്ലാതെ നാടിന്റെ ശുചിത്വത്തിനായി പ്രവർത്തിക്കുകയാണ് അങ്കമാലി മഞ്ഞപ്ര വാക്കേലിൽ പത്മനാഭൻനായർ .
ആലുവ കെഎസ്ആർടിസി ഡിപ്പോയിലെ മെക്കാനിക്ക് തസ്തികയിൽ നിന്ന് 2000ത്തിൽ വിരമിച്ച ഇദ്ദേഹം കഴിഞ്ഞ 26വർഷമായി മഞ്ഞപ്ര ഗവ. ഹൈസ്കൂൾ മാർസ്ലീവ ഫൊറോന പള്ളി റോഡിലെ 500 മീറ്ററോളം ദൂരം രാവിലെയും വൈകിട്ടും മുടങ്ങാതെ റോഡ് അടിച്ച് വൃത്തിയാക്കുന്നു.
ഔദ്യോഗിക ജോലിയിൽ നിന്ന് വിരമിച്ചെങ്കിലും പൊതു സേവനത്തിൽ നിന്ന് വിരമിക്കാൻ പത്മനാഭൻ നായർ തയാറയില്ല. നാടിന്റെ ശുചിത്വം സ്വന്തം ഉത്തരവാദിത്വമായി ഏറ്റെടുത്ത് കാൽ നൂറ്റാണ്ടിലേലേറെയായി പ്രകൃതി സ്നേഹിയായ ഇദ്ദേഹം തുടരുന്ന ഈ പ്രവർത്തനം ഏവർക്കും മാതൃകയാണ്. പ്രതിഫലമോ അംഗീകാരമോ പ്രതീക്ഷിക്കാതെ സ്വന്തം സമയവും അധ്വാനവും നാടിനുവേണ്ടി മാറ്റിവെക്കുന്ന പത്മനാഭൻ നായരുടെ സേവനം പുതു തലമുറയ്ക്കും വലിയൊരു സന്ദേശമാണ് പകർന്നുനൽകുന്നത്.
വിരമിച്ചത് ജോലിയിൽനിന്ന്മാത്രം സേവനത്തിൽ നിന്നല്ല 83-ാം വയസിലും തുടരുന്ന ഈ നിസ്വാർത്ഥ സേവനത്തിന് സമൂഹത്തിന്റെ ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്.പൊതു സേവനത്തിന്റെയും സാമൂഹിക പ്രതിബന്ധതയുടെയും ഉത്തമ മാതൃക പുരുഷനാണ് പത്മനാഭൻനായർ.
രാവിലെയും വൈകിട്ടും ഇത് വഴി ഏറെ യാത്രക്കാർ സഞ്ചരിക്കും. സ്കൂൾ കുട്ടികൾ ഇവർ കാൽനടയായും മറ്റു വാഹനങ്ങളിലുമായി പോകുമ്പോൾ റോഡിൽ ചൂലുമായി നിൽക്കുന്ന ഈ മനുഷ്യസ്നേഹിയും പ്രകൃതിസ്നേഹിയുമായ പപ്പൻ ചേട്ടനെ (അടുപ്പക്കാർ വിളിക്കുന്നത്)അഭിവാദ്യം ചെയ്തു പോകുന്നതും പതിവ് കാഴ്ചയാണ്. രണ്ട് നേരം റോഡ് അടിച്ച് വൃത്തിയാക്കുന്നതിന് മൂന്നു മണിക്കൂർ സമയം വേണ്ടി വരുന്നുണ്ട് (രാവിലെയും വൈകിട്ടും ഒന്നര മണിക്കൂർ).
Tags : Padmanabhan Nair from Vakkeli Nattuvishesham DistrictNews