പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ (പിഡിഎസ്) ഹെഡ് ഓഫീസ്
പീരുമേട്: ഹൈറേഞ്ചിന്റെ പെരുമ ലോകത്തെ അറിയിച്ച പിഡിഎസ് (പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി) പുരസ്കാര തിളക്കത്തില്‍. കൃഷിയിലെ മികവിന് പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിക്ക് (പിഡിഎസ്) കൃഷി വകുപ്പുമായി ബന്ധമില്ലാത്ത കാര്‍ഷിക രംഗത്തെ മികച്ച പ്രവര്‍ത്തങ്ങള്‍ക്കുള്ള 50,000 രൂപയുടെ അവാര്‍ഡാണ് ലഭിച്ചത്. മലയോര മേഖലയിലെ സാധാരണക്കാരായ കര്‍ഷകരുടെയും പീരുമേടിനു ചുറ്റുമുള്ള പ്രദേശങ്ങളുടെയും ആദിവാസി ജനവിഭാഗങ്ങളുടെയും വികസനം ലക്ഷ്യമാക്കി 1980ല്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍പ്പെട്ട പീരുമേട് സെന്റ് മേരീസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന ഫാ. മാത്യു അറയ്ക്കല്‍ (മാര്‍ മാത്യു അറയ്ക്കല്‍) തുടങ്ങിയതാണ് പിഡിഎസ്.
ഇന്ന് പശ്ചിമഘട്ട മേഖലയിലെ രണ്ടായിരം ചെറുകിട കര്‍ഷകരെ ഉള്‍പ്പെടുത്തി കൃഷി, സംസ്കരണം, സര്ട്ടിഫിക്കേഷന്, വിപണനം, എന്നിങ്ങനെ സമഗ്രമായ ഫാം ടു ഫോര്‍ക്ക് മാതൃക നടപ്പാക്കി ലോകം അറിയപ്പെടുന്ന ബഹുമുഖ കാര്‍ഷിക സംസ്കാരമായി പിഡിഎസ് മാറിക്കഴിഞ്ഞു. സന്നദ്ധ സംഘടനയുടെ ചട്ടക്കൂട്ടില്‍ നിന്നുകൊണ്ടുതന്നെ നൂതനവും തനതുമായ പ്രവര്‍ത്തനങ്ങളിലൂടെ ചെറുകിട, നാമമാത്ര കര്‍ഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും സ്ത്രീകളുടെയും സുസ്ഥിരവികസനം സാധ്യമാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുവാനും പിഡിഎസിന് സാധിക്കുന്നു. ജൈവകൃഷി പ്രോത്സാഹന പദ്ധതികള്‍ ആവിഷ്കരിച്ച് കര്‍ഷകരുടെ ഉപജീവനത്തിനുള്ള വിപ്ലവകരമായ ഇടപെടലുകളാണ് പിഡിഎസ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
1990 മുതല്‍ പിഡിഎസ് ജൈവകൃഷി നടപ്പിലാക്കി വരുന്നു. നിലവില്‍ ജൈവ സര്‍ട്ടിഫിക്കേഷനുള്ള 1,550 കര്‍ഷകരിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൂര്‍ണമായും ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന കുരുമുളക്, ജാതി, ഗ്രാമ്പു, മഞ്ഞള്‍, ഇഞ്ചി, ഏലക്കായ മുതലായ ഉത്പന്നങ്ങള്‍ കര്‍ഷകരില്‍നിന്ന് വിപണി വിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് ശേഖരിച്ച് കുട്ടിക്കാനത്തിനു സമീപമുള്ള വളഞ്ഞങ്ങാനത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക ഫാക്ടറിയില്‍ സംസ്കരിച്ച് വിപണനം നടത്തിവരുന്നു.
ട്രൂ ബയോ ബ്രാന്‍ഡില്‍ ഉത്പാദിപ്പി ക്കുന്ന ജൈവഉത്പന്നങ്ങള്‍ ഇരുപതിലധികം രാജ്യങ്ങളിലേക്ക് ഇന്നു കയറ്റുമതിചെയ്യുന്നുണ്ട്. കുട്ടിക്കാനത്തുള്ള സഹ്യാദി എക്കോ ഷോപ്പിലും കേരളത്തിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളിലും ആമസോണിലും ഉത്പന്നങ്ങൾ ലഭ്യമാണ്.
ഇടുക്കി ജില്ലയിലെ ചെറുകിട, നാമമാത്ര തേയില കര്രിലൂടെ ജൈവകൃഷി നടപ്പിലാക്കി അവര്‍ ഉത്പാദിപ്പിക്കുന്ന ജൈവ തേയില പിഡിഎസിന്റെ നേത്യത്വത്തില്‍ കുട്ടി ക്കാനത്തെ ജൈവ തേയില ഫാക്ടറിയില്‍ സംസ്കരിച്ച് വിപണനം നടത്തുന്നു.
ആദിവാസി വിഭാഗങ്ങളില്‍നിന്നും പ്രദേശവാസികളില്‍നിന്നും ശേഖരിക്കുന്ന ഔഷധ സസ്യങ്ങളും മറ്റ് ഉത്പന്നങ്ങളും ഉപയോഗിച്ച് ഗുണനിലവാരമുള്ള ആയുര്‍വേദ മരുന്നുകളും ചികിത്സാ സേവനങ്ങളും സഹ്യ ശ്രീ എന്ന ബ്രാന്‍ഡില്‍ നല്കി വരുന്നു. കൂട്ടിക്കാനത്തിനടുത്ത് പള്ളിക്കുന്നില്‍ സ്ഥിതി ചെയ്യുന്ന ജിഎംപി സര്‍ട്ടിഫിക്കേഷനുള്ള ആയുര്‍വേദ ഫാക്ടറിയില്‍ 250ല്‍പരം മരുന്നുകള്‍ ഉത്പാദിപ്പിച്ച് വിപണനം നടത്തുന്നുണ്ട്.
വിഷമയമില്ലാത്തതും മായം കലര്ന്നിട്ടില്ലാ ത്തതുമായ ശുദ്ധമായ ഭക്ഷണം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പിഡിഎസ് നാച്വറല്‍ പ്രോഡക്ട്സ് ആരംഭിച്ചിരിക്കുന്നത്. പന്ത്രണ്ടില്‍പരം കറിപ്പൊടികള്‍, മില്ലറ്റ് ഉത്പന്നങ്ങള്‍, പ്രാദേശികമായി ലഭ്യമായ സുഗന്ധവ്യഞ്ജന ങ്ങളും മറ്റ് ഉത്പന്നങ്ങളും ചേര്‍ത്തുള്ള ഉത്പന്നങ്ങള്‍ മുതലായവ വിപണിയില്‍ ലഭ്യമാണ്.
കേരള ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി സഹകരിച്ച് ആധുനിക രീതിയിലുള്ള ഫാക്ടറിയുടെ നിര്‍മാണം കുട്ടിക്കാനത്തിനടുത്ത് വളഞ്ഞങ്ങാനത്ത് പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജിനോടുചേര്ന്ന് പിഡിഎസിന്റെ നേതൃത്വത്തിലുള്ള ടിഷ്യു കള്‍ച്ചര്‍ ലാബില്‍ അത്യുത്പാദനശേഷിയുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായ വിവിധയിനം ഏത്തവാഴ തൈകള്‍ ഉത്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്തുവരുന്നു. കുട്ടിക്കാനത്തിനടുത്തുള്ള തട്ടാത്തിക്കാനത്ത് പ്രവര്‍ത്തിക്കുന്ന പിഡിഎസ് കാര്‍ഷിക നഴ്സറിയില്‍ വിവിധയിനം ഫലവൃക്ഷത്തൈകള്‍, കാപ്പി, കുരുമുളക്, അലങ്കാര ചെടികള്‍ മുതലായവയും ലഭ്യമാണ്.
കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ പിഡിഎസ് ഇന്ന് പ്രതിരോധ ശേഷിയുള്ള കാര്‍ഷിക സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായ ഇടപെടലുകളാണ് നടത്തുന്നതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പനച്ചിക്കല്‍ പറഞ്ഞു.
Tags : Nattuvishesham DistrictNews DeepikaNews PDS