കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെയാണ് പെരുന്നാള്‍. സുരക്ഷയ്ക്കായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കും. പ്രധാന പെരുന്നാൾ ദിനങ്ങളിൽ കൂടുതല്‍ സേനാംഗങ്ങളെ വിന്യസിക്കും. വനിതാ പോലീസിനെയും ഷാഡോ പോലീസിനെയും നിയോഗിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ സജ്ജമാക്കും.
പെരുന്നാള്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ എക്സൈസിന്റെയും പോലീസിന്റെയും സംയുക്ത പരിശോധനകൾ നടത്തും.
കെഎസ്ഇബി, ഫയര്‍ഫോഴ്സ്, മെഡിക്കല്‍ സംഘം എന്നിവയുടെ സേവനവും ഉറപ്പാക്കും. മാലിന്യനീക്കത്തിനു ശുചിത്വമിഷനുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. ഭക്ഷണവിതരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയോഗിക്കും. കടകളില്‍ അമിതവില ഈടാക്കുന്നത് തടയാന്‍ ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ ഊര്‍ജിതമാക്കും.
കെഎസ്ആര്‍ടിസി കോട്ടയത്തുനിന്നും മല്ലപ്പള്ളിയില്‍നിന്നും പ്രത്യേകമായി 10 സര്‍വീസുകള്‍ വീതം നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍ദ്ദേശം നല്കി.
ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, കോട്ടയം ആര്‍ഡിഒ നിജു കുര്യന്, കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാല്‍ ജോണ്സണ്, ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്. സന്തോഷ്കുമാര്‍, ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ അനൂപ് പി. രവീന്ദ്രന്, ജില്ലാ ശുചിത്വമിഷന് കോ-ഓർഡിനേറ്റര്‍ ലക്ഷ്മി പ്രസാദ്, തഹസീല്‍ദാര്‍മാരായ സിറില്‍ സഞ്ജു ജോര്‍ജ്, ജി. രാജീവ്, മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ പള്ളിയെ പ്രതിനിധീകരിച്ച് സഹവികാരി ഫാ. ലിറ്റു ജേക്കബ്, ട്രസ്റ്റിമാരായ ഇ.വി. കുര്യാക്കോസ്, ബിജു വര്‍ഗീസ്, സെക്രട്ടറി തോമസ് ഉമ്മന്‍ എന്നിവര്‍ പങ്കെടുത്തു.
Tags : Nattuvishesham Districtnews Extensive