തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗണ്‍സിലർ ആർ. ശ്രീലേഖയുടെ രാജി ഭീഷണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നാലെ ഭരണസമിതിയെ പ്രതിസന്ധിയിലാക്കി കൗണ്‍സിലർ ആർ. സുഗതന്റെ ഒപ്പുമായി ബന്ധപ്പെട്ട ആരോപണം.
കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം വാർഡ് കൗണ്‍സിലർ സുഗതൻ പങ്കെടുത്തതായി കാണിക്കുന്ന ഹാജർ രജിസ്റ്ററിലെ ഒപ്പുകൾ വ്യാജമാണെന്ന ആരോപണവുമായി ഇടതുമുന്നണി രംഗത്തെത്തിയതോടെയാണ് പുതിയ വിവാദത്തിനു തുടക്കമായിരിക്കുന്നത്. സംഭവത്തിൽ പൊലിസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി കോർപറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പോലീസ് പരിശോധിച്ചേക്കും. കോർപറേഷനിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി ദീപക്കാണ് വ്യാജ ഒപ്പ് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മീഷണർക്കു പരാതി നൽകിയത്.
സുഗതൻ ജയിലിലാകുന്നതിന് മുന്‍പ് ഒളിവിലായിരുന്ന കാലയളവിൽ നടന്ന കൗണ്‍സിൽ യോഗങ്ങളിലെ ഒപ്പുകളിലാണ് സംശയം ഉയർന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ ചൂണ്ട ിക്കാട്ടിയാണ് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് ആരോപണം ഉന്നയിച്ചത്. ഈ ഒപ്പുകൾ തമ്മിലും സുഗതന്റെ മറ്റ് ഒൗദ്യോഗിക രേഖകളിലെ ഒപ്പുകളുമായും വ്യത്യാസമുണ്ടെ ന്നാണ് ആരോപണം. സുഗതന്റെ ദീർഘകാല അഭാവം അയോഗ്യതയ്ക്ക് ഇടയാക്കാതിരിക്കാനാണ് ഹാജർ രേഖയിൽ ക്രമക്കേട് നടത്തിയതെന്നാണ് എൽഡിഎഫിന്റെ ആരോപണം. അതേസമയം, ആരോപണം മേയർ വി.വി. രാജേഷ് നിഷേധിച്ചു. ഹാജർ രജിസ്റ്ററും കൗണ്‍സിലറുടെ ഒപ്പും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ തയ്യാറാണെന്ന് മേയർ വ്യക്തമാക്കി. വ്യാജ ഒപ്പ് സംബന്ധിച്ച ആരോപണം തെറ്റായ പ്രചാരണമാണെന്നും എസ്.പി. ദീപക്കിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മേയർ പ്രതികരിച്ചു.
ആർ. ശ്രീലേഖയുടെ രാജിയുമായി ബന്ധപ്പെട്ട രാഷ്്ട്രീയ പ്രതിസന്ധിക്ക് നേതൃത്വം ഇടപെട്ട് സമവായമുണ്ട ാക്കിയതിനു തൊട്ടുപിന്നാലെയാണ് ഭരണസമിതിയെ പ്രതിസന്ധിയിലാക്കി ഒപ്പു വിവാദം ചൂടു പിടിക്കുന്നത്.