പാലക്കാട്: കൊഴിഞ്ഞാന്പാറ കരടിപ്പാറ ജയം കോളനിയിൽ താമസിക്കുന്ന കുടുംബങ്ങളിൽ റേഷൻകാർഡ്, വോട്ടർ ഐഡി, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകൾ ഇല്ലാത്തവരുണ്ടെങ്കിൽ നിയമാനസൃതമായി അനുവദിക്കാനുള്ള നടപടികൾ ചിറ്റൂർ തഹസിൽദാറും ജില്ലാ പട്ടികവർഗ വികസന ഓഫീസറും സ്വീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കോളനിയിലെ എല്ലാ ആദിവാസി കുടുംബങ്ങൾക്കും ഭൂമിയും വീടും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
43 ആദിവാസി കുടുംബങ്ങൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട് നരകജീവിതം നയിക്കുകയാണെന്നും ഇവർക്ക് വോട്ടർ ഐഡിയല്ലാതെ മറ്റു രേഖകളൊന്നുമില്ലെന്നും പരാതിപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
താമസിക്കുന്ന സ്ഥലത്തിന് രേഖയില്ലെന്നും ആദിവാസികളാണെന്ന് തെളിയിക്കാൻ ജാതിസർട്ടിഫിക്കറ്റോ റേഷൻകാർഡോ ഇല്ലെന്നും പരാതിയിൽ പറയുന്നു.
കരടിപ്പാറ കോളനിയിലെ സ്ഥലം സർക്കാർ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 139 പ്ലോട്ടുകളായി തിരിച്ച് വിവിധ ഭൂരഹിത ഗുണഭോക്താക്കൾക്ക് പതിച്ചു നൽകിയതാണെന്ന് പാലക്കാട് ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു. പട്ടയം ലഭിച്ചവർ ഇവിടെ താമസമില്ല. സ്ഥലത്തിന്റെ കുറെഭാഗം പാറയും മുക്കാൽഭാഗം കാടുമാണ്. ഇവിടെ മലസർ വിഭാഗത്തിലുള്ളവർ കൈയേറി കുടിൽവച്ച് താമസിക്കുകയാണ്.
15 കുടുംബങ്ങളാണ് നിലവിൽ കുടിൽ കെട്ടി താമസിക്കുന്നത്. ബാക്കിയുള്ളവർ പട്ടയം ലഭിക്കാൻ സാധ്യതയില്ലെന്ന് മനസിലാക്കി താമസംമാറി. നിലവിൽ താമസിക്കുന്നവർക്ക് വെള്ളവും വൈദ്യുതിയും നൽകുന്നുണ്ട്. ചിലർക്ക് റേഷൻകാർഡും ജാതിസർട്ടിഫിക്കറ്റുമുണ്ട്.
ഇവർക്ക് ഭൂമി പതിച്ചു നൽകണമെങ്കിൽ നേരത്തെ പതിച്ചു നൽകിയവരുടെ പട്ടയം റദ്ദാക്കണം. ചില കൈവശക്കാർക്ക് കൊഴിഞ്ഞാന്പറയിൽ ലൈഫ് മിഷൻ പ്രകാരം ഭൂമിയും വീടും ലഭിക്കുന്നതാണ്.
എന്നാൽ പഴയ പട്ടയം റദ്ദാക്കി നിലവിലെ കൈവശക്കാർക്ക് ഇവിടെ പട്ടയം നൽകണമെന്ന് ജില്ലാ പട്ടികവർഗ വികസന വകുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചു. ഇവിടെ താമസിക്കുന്ന 8 പേർ പട്ടികവർഗ ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.
തഹസിൽദാർ, പാലക്കാട് ജില്ലാ പട്ടികവർഗ വികസന ഓഫീസർ, കൊഴിഞ്ഞാന്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. മലപ്പുറം പട്ടിക്കാട് സ്വദേശി എൻ. മുഹമ്മദ് മുസ്തഫ സമർപ്പിച്ച പരാതിയിലാണ് നടപടി.
Tags : Families in Karadipara Nattuvishesham District News