പാലാ രൂപത കുടുംബസംഗമം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്,
കുറവിലങ്ങാട്: കുടുംബങ്ങളിൽ ഫാമിലി ടൈം കണ്ടെത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ നേതൃത്വത്തിൽ രൂപതാതല കുടുംബ സംഗമം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സന്ദേശം നൽകുകയായിരുന്നു ബിഷപ്.
ഭക്ഷണം, പ്രാർഥന, യാത്ര, ഉല്ലാസം എന്നിങ്ങനെ കുടുംബാംഗങ്ങൾക്കായി സമയം കണ്ടെത്തണം. ചരിത്രബോധം അത്യന്താപേക്ഷിതമാണ്. സൗജന്യമായി ലഭിച്ച കൈവശാവകാശ രേഖയാണ് പൂർവികരുടെ പേരുകൾ. സ്വത്വബോധം നഷ്ടപ്പെടരുതെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
നിർമിതബുദ്ധി പറുദീസയുടെ സമൃദ്ധി പോലെയാണ്. നിർമിത ബുദ്ധിയിൽ വിഷാംശമുണ്ട് . ഇത് മാറ്റാൻ സുവിശേഷം ചേർത്തുനിർത്തണം. എഐ ഉപകരണം മാത്രമാണ്. നിയന്ത്രിക്കുന്ന ഘടകം ആകരുത്. കുടുംബത്തിന്റെ സമൃദ്ധമായ സ്നേഹവും വിശ്വാസവും വാത്സല്യവും പാരമ്പര്യങ്ങളും സാങ്കേതികവിദ്യ പകരം വയ്ക്കുന്നില്ല.
പാലാ രൂപത ഫാമിലി അപ്പൊസ്തലേറ്റ് ലക്ഷ്യമിടുന്ന ഫാമിലി ട്രീ പദ്ധതിയുടെ ഉദ്ഘാടനവും ബിഷപ് നിർവഹിച്ചു. അദ്ഭുതകരമായ പ്രാധാന്യമുള്ള കുറവിലങ്ങാട്ട് പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാനായത് ഏറെ സന്തോഷകരമാണെന്ന് ബിഷപ് പറഞ്ഞു.
രൂപത ഫാമിലി അപ്പൊസ്തലേറ്റിന്റെ പ്രവർത്തന മേഖലകളായ പിതൃവേദി, മാതൃവേദി, പ്രോലൈഫ് സമിതികളുടെ നേതൃത്വത്തിലായിരുന്നു കുടുംബസംഗമം . കേരള സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡ് ജേതാവ് മോനു വർഗീസ് മാമ്മനെ സമ്മേളനത്തിൽ ആദരിച്ചു.
പാലാ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീര്ഥാടന കേന്ദ്രം ആർച്ച്പ്രീസ്റ്റ് ഫാ. ഡോ. തോമസ് മേനാച്ചേരി, ഫാമിലി അപ്പൊസ്തലേറ്റ് രൂപത ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, അസി. ഡയറക്ടർ ഫാ. മാത്യു കാടൻകാവിൽ, സംഘടനകളുടെ രൂപത പ്രസിഡന്റുമാരായ ജോസ് തോമസ് മുത്തനാട്ട്, ഷേർളി ചെറിയാൻ മഠത്തിൽപ്പറമ്പിൽ, മാത്യു എം. കുര്യാക്കാേസ് മഠത്തിൽ, ജോർജ് ടിക്സൺ മണിമലത്തടത്തിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News