ആട്ടിൻകുട്ടിക്ക് അഗ്നിരക്ഷാ സേനാംഗം സിപിആർ നൽകുന്നു.
മഞ്ചേരി: കിണറ്റിൽ വീണ് മൃതപ്രായമായ ആട്ടിൻകുട്ടിക്ക് മഞ്ചേരി അഗ്നിരക്ഷാ സേനയുടെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി. മഞ്ചേരി മുള്ളന്‍പാറ ഗ്യാസ് ഗോഡൗണിന് സമീപം താമസിക്കുന്ന കൂളിയോടൻ നാസറിന്റെ രണ്ടുവയസ് പ്രായം വരുന്ന ആട് വീട്ടുവളപ്പിലെ ആൾമറയുള്ള കിണറ്റിൽ വീഴുകയായിരുന്നു. നാൽപത് അടിയോളം താഴ്ചയുള്ള കിണറിൽ പത്തടിയോളം വെള്ളവുമുണ്ട്.
ആടിനെ തിരികെ കയറ്റാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായതോടെ മഞ്ചേരി അഗ്നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ജംഷാദിന്റെ നേതൃത്വത്തിൽ സേന ഉടൻ സ്ഥലത്തെത്തി. സേനാംഗം കെ.സി. കൃഷ്ണകുമാർ കിണറ്റിൽ ഇറങ്ങുകയും റെസ്ക്യു നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് ആടിനെ കരക്കെത്തിക്കുകയുമായിരുന്നു.
ശ്വാസവും ഹൃദയമിടിപ്പും നിന്നുപോയ ആടിന് ഉടൻ സിപിആർ നൽകി. തുടർച്ചയായ പരിശ്രമത്തിന്റെ ഫലമായി ആട് രക്ഷപ്പെട്ടു. ഫയർമാൻമാരായ അനൂപ്, മിഥുൻ, ബിനീഷ്, മുകുന്ദൻ, ഫയർമാൻ ഡ്രൈവർ സത്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.