പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴക്കൂട്ടം ജംഗ്ഷനിലെ ജ്വല്ലറിയിലെ ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിക്ക് അഞ്ചു വർഷം കഠിനതടവ്. വള്ളക്കടവ് ദാറുൽഷാ വീട്ടിൽ പീരുക്കണ്ണിന്റെ മക ൻ സജാദിനെയാണ് (42) തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
2001 ജൂണ് 29നായിരുന്നു നാടിനെ നടുക്കിയ സംഭവം. കഴക്കൂട്ടത്തെ സരസ്വതി ഫാഷൻ ജ്വല്ലറിയിൽ തോക്കുമായെത്തിയ സംഘം ജീവനക്കാരെ ഭീഷണിപ്പെടുത്തി 67 പവൻ സ്വർണം കവർച്ച നടത്തു കയായിരുന്നു. കവർച്ചയ്ക്ക് ശേഷം രക്ഷപ്പെട്ട പ്രതികളെ കഴക്കൂട്ടം ബൈപാസ് ജംഗ്ഷനിൽ വച്ചു തടയാൻ ശ്രമിച്ച എസ്ഐ ബിനോയിക്കു നേരെ പ്രതികൾ വെടിയുതിർത്തിന്നു.
തുടർന്ന് വഴിയാത്രക്കാരായ ദന്പതികളുടെ മോട്ടോർസൈക്കിൾ തോക്കുചൂണ്ടി തട്ടിയെടുത്തു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒന്നാം പ്രതിയെ പോലീസ് സാഹസികമായി പിടികൂടിയിരുന്നു. പിടിയിലായ ഒന്നാം പ്രതി പിന്നീടു ജാമ്യത്തിലിറങ്ങി ഒളിവിൽ പോയതിനാൽ രണ്ടാം പ്രതിയുടെ വിചാരണ മാത്രമാണ് പൂർത്തിയായത്. ഐപിസി 392-ാം വകുപ്പ് പ്രകാരമാണ് ശിക്ഷ. അന്വേഷണം നടത്തിയ കഴക്കൂട്ടം സിഐ മരിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്ത എസ്ഐ വിദേശത്താകുകയും ചെയ്തതിനാൽ ഇരുവരേയും കോടതിക്ക് വിസ്തരിക്കാൻ കഴിഞ്ഞില്ല. എന്നാൽ, പ്രോസിക്യൂഷൻ ഹാജരാക്കിയ 11 സാക്ഷികളുടെ മൊഴികളും 18 നിർണായക രേഖകളും പരിഗണിച്ചാണു കോടതി കുറ്റകൃത്യം കണ്ടെത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്. രാജേഷ്, അഭിഭാഷകരായ എ. ബീനാകുമാരി, ജെ.ജെ. അഭിജിത്, ആർച്ച മദനൻ എന്നിവർ ഹാജരായി.