അങ്ങാടിപ്പുറം മേൽപ്പാലത്തിലെ ടാറിംഗ് ഇളകിയ നിലയിൽ.
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിലെ നവീകരണം വൈകുന്നത് അപകടങ്ങൾ വർധിക്കാൻ ഇടയാക്കുന്നു. നിർമാണം പൂർത്തിയായതിനുശേഷം പിന്നീട് കാര്യമായ ടാറിംഗ് പ്രവൃത്തികളൊന്നും ഇവിടെ നടന്നിട്ടില്ല. അതാണ് പാലത്തിലെ റോഡ് തകർച്ചയ്ക്ക് കാരണം.
ഉയർന്ന ചൂടുള്ള ദിവസങ്ങളിൽ പാലത്തിന്റെ ഉപരിതലത്തിലെ ടാർ ഉരുകി ചില ഭാഗങ്ങളിൽ വലിയ മുഴകളായി നിൽക്കുകയാണ്. ഇത് ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഭീഷണിയാകുന്നു. റോഡിൽ കൃത്യമായ പിടിത്തം കിട്ടാതെ വാഹനങ്ങൾ തെന്നിമാറി അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിട്ടുണ്ട്. ബ്രേക്ക് ചെയ്യുന്പോൾ ഇരുചക്രവാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു. കൂടാതെ തുടർച്ചയായ മഴയും വെയിലുമേറ്റ് പാലത്തിലെ ഉപരിതലത്തിൽ പലയിടത്തായി ടാറിംഗിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി ചെയ്യാത്തതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്ന് ഡ്രൈവർമാർ പറയുന്നു.
അങ്ങാടിപ്പുറം പാലത്തിലൂടെ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.
നിലവിൽ ഇവിടെ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സമയത്ത് പാലത്തിന് മുകളിലെ റോഡ് തകർച്ച യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുകയാണ്. മേൽപ്പാലത്തിൽ അടിയന്തരമായി റീ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെടുന്നു.
Tags : Nattuvishesham Districtnews Flyover