തലയോലപ്പറമ്പ്: വൈക്കം-തലയോലപ്പറമ്പ് കെ എസ്ടിപി റോഡിലെ വടയാർ ഭാഗത്ത് റോഡരികിൽ പുല്ലുംവള്ളിപ്പടപ്പും കുറ്റിച്ചെടികളും വളർന്നു ഗതാഗതത്തിന് തടസമായതായി പരാതി. വടയാർ ഇളങ്കാവ് ഗവൺമെന്റ് യുപി സ്കൂളിനും മാർസ്ലീബ യുപി സ്കൂളിനും സമീപമാണ് പാതയോരം കാടുകയറുന്നത്. ഇളങ്കാവ് യുപി സ്കൂളിന് സമീപത്തെ മലിനജലം നിറഞ്ഞ ഓടയും യാത്രികർക്കും വിദ്യാർഥികൾക്കും ഒരുപോലെ ദുരിതമാകുകയാണ്.
സ്കൂൾ തുറന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കേണ്ട അധികൃതർ ചെറുവിരലനക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ മൂവാറ്റുപുഴയാറിനോട് ചേർന്ന ഭാഗം കാടുമൂടിക്കിടക്കുന്നത് വിദ്യാർഥികൾക്കും കാൽനടയാത്രികർക്കും ഒരുപോലെ ഭീഷണിയാകുകയാണ്.സ്കൂളിനു സപീമത്തെ റോഡിൽ കെട്ടിക്കിടക്കുന്ന മലിനജലം കൊതുക് വളരുന്നതിനും ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടുന്നു.
ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പ്രധാന റോഡിൽ മൂവാറ്റുപുഴയാറിനോടുചേർന്ന പല ഭാഗങ്ങളിലും പുഴയോരം ഇടിഞ്ഞിട്ടുണ്ട്.
കാടു വളർന്നു കാഴ്ചമറച്ചതോടെ അപകട ഭീഷണിയുണ്ടെന്നും ബന്ധപ്പെട്ട അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പഞ്ചായത്തംഗം എം. അനിൽകുമാർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും അടിയന്തരമായി ഇടപെട്ട് റോഡിലെ കാട് വെട്ടിത്തെളിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Tags : nattu vishesham Forest-covered oad and foul-smelling road